21 സൗദി സൈനിക കേഡറ്റുകളെ യു എസ് പുറത്താക്കി

Share with your friends

മൊയ്തീന്‍ പുത്തന്‍‌ചിറ


ഫ്ലോറിഡ:  കഴിഞ്ഞ മാസം ഫ്ലോറിഡയിലെ വ്യോമതാവളത്തില്‍ കൂട്ട വെടിവയ്പ്പ് നടത്തിയതിന് ശേഷം സൗദി മിലിട്ടറിയിലെ ഇരുപത്തിയൊന്ന് അംഗങ്ങളെ യുഎസില്‍ നിന്ന് പുറത്താക്കി.

ആക്രമണം നടത്തിയ 21 കാരനായ സൗദി എയര്‍ഫോഴ്സ് ലെഫ്റ്റനന്‍റിനെ സഹായിച്ചതായി ഈ സൈനികര്‍ക്കെതിരെ  കുറ്റം ചുമത്തിയിട്ടില്ല. എന്നാല്‍, കേഡറ്റുകളുടെ കൈവശം ജിഹാദി സാമഗ്രികളും കുട്ടികളുടെ അശ്ലീല ചിത്രങ്ങളും കണ്ടെത്തിയതായി യുഎസ് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ പറഞ്ഞു.

ഡിസംബര്‍ 6-നു നടന്ന ആക്രമണത്തില്‍ മൂന്ന് നാവികര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് സൗദി സൈനികര്‍ക്കുള്ള പരിശീലനം യുഎസില്‍ നിര്‍ത്തി വെക്കുകയും ചെയ്തു.

നേവല്‍ എയര്‍ സ്റ്റേഷന്‍ പെന്‍സക്കോളയില്‍ നടന്ന വെടിവയ്പ്പ് തീവ്രവാദ പ്രവര്‍ത്തനമാണെന്ന് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ പറഞ്ഞു.

ആക്രമണത്തില്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സൗദി സൈനികന്റെ രണ്ട് ഐഫോണുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഒരു ഫോണ്‍ സൈനികന്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും എഫ്ബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അത് പുനര്‍നിര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നു. ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതില്‍ ആപ്പിള്‍ ഇതുവരെ സഹകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Florida Naval

ആക്രമണകാരിയുടെ ഓണ്‍ലൈന്‍ അക്കൗണ്ടില്‍ നിന്ന് ആപ്പിള്‍ എഫ്ബിഐയ്ക്ക് നിര്‍ണ്ണായകമായ ഡാറ്റ കൈമാറിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടെംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഫോണ്‍ അണ്‍ലോക്കു ചെയ്യാന്‍ ആപ്പിള്‍ വിസമ്മതിച്ചു. ഇത് അവരുടെ സ്വന്തം എന്‍ക്രിപ്ഷന്‍ സോഫ്റ്റ്‌വെയറിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് പറഞ്ഞത്.

ഭീകരവാദികളുടേതായ ഐഫോണുകള്‍ അണ്‍ലോക്കുചെയ്യാനുള്ള അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ടെക് സ്ഥാപനം മുമ്പ് എഫ്ബിഐയുമായി ഏറ്റുമുട്ടിയിരുന്നു. ആപ്പിളിന്‍റെ സഹായമില്ലാതെ തന്നെ കാലിഫോര്‍ണിയയില്‍ ഒരു ആക്രമണകാരിയുടെ ഫോണ്‍ അണ്‍ലോക്കു ചെയ്യാന്‍ എഫ്ബിഐ സ്വന്തം മാര്‍ഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് സമാനമായ 2016 ലെ മറ്റൊരു ആക്രമണത്തിന് തടയിടാന്‍ കഴിഞ്ഞുവെന്ന് എഫ്ബിഐ വക്താവ് ചൂണ്ടിക്കാട്ടി.

ഫ്ലോറിഡ നേവല്‍ ആസ്ഥാനത്ത് വെടിവെയ്പ് നടക്കുമ്പോള്‍ മറ്റു സൗദി കേഡറ്റുകള്‍ ആക്രമണം ചിത്രീകരിച്ചതായി പുറത്തുവന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍ കൃത്യമല്ലെന്ന് വില്യം ബാര്‍ പറഞ്ഞു. വെടിവയ്പ്പ് നടന്ന സ്ഥലത്ത് ആയുധധാരി മാത്രമേ എത്തിയിരുന്നുള്ളൂ.

Mohammed Alshamrani - Shooter

പുറത്താക്കപ്പെട്ട സൗദി കേഡറ്റുകളില്‍ 17 പേരുടെ കൈയ്യില്‍ ഓണ്‍‌ലൈന്‍ തീവ്രവാദ വസ്തുക്കള്‍ ഉള്ളതായി അറ്റോര്‍ണി ജനറല്‍ പറഞ്ഞു. അവരില്‍ പതിനഞ്ചു പേരുടെ കൈയ്യില്‍ കുട്ടികളുടെ മോശമായ ചിത്രങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘പുറത്താക്കപ്പെട്ടവരില്‍ ഒരാളുടെ കൈവശം നിരവധി ചിത്രങ്ങളുണ്ടെങ്കിലും, ബാക്കിയുള്ളവരില്‍ രണ്ടോ മൂന്നോ ചിത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. മിക്ക ചിത്രങ്ങളും പരസ്പരം ചാറ്റ് റൂമില്‍ പോസ്റ്റു ചെയ്യുകയോ സോഷ്യല്‍ മീഡിയയിലൂടെ സ്വീകരിക്കുകയോ ചെയ്തതാണ്,’ ബാര്‍ പറഞ്ഞു.

പുറത്താക്കിയ 21 കേഡറ്റുകളും തിങ്കളാഴ്ച സൗദിയിലേക്ക് മടങ്ങി. എഫ്ബിഐയുടെ അന്വേഷണവുമായി അവര്‍  പൂര്‍ണമായും സഹകരിച്ചെന്നും ബാര്‍ പറഞ്ഞു.

അന്വേഷണത്തിന് സൗദി അറേബ്യ പൂര്‍ണ്ണമായ പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേഡറ്റുകളുടെ പെരുമാറ്റം സൗദി റോയല്‍ എയര്‍ഫോഴ്സിലെയും റോയല്‍ നേവിയിലെയും ഉദ്യോഗസ്ഥര്‍ക്ക് ചേര്‍ന്നതല്ലെന്ന് സൗദി അധികൃതര്‍ പറഞ്ഞതായി അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

പുറത്താക്കപ്പെട്ട കേഡറ്റുകളുടെ മേല്‍ അമേരിക്കയില്‍ ഒരു കുറ്റവും ചുമത്തിയിട്ടില്ല. എന്നാല്‍, സ്വന്തം രാജ്യത്ത് അവര്‍ പ്രൊസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 850 ല്‍ അധികം സൗദി സൈനിക കേഡറ്റുകള്‍ അമേരിക്കയില്‍ പരിശീലനം നടത്തുന്നുണ്ട്.

ആക്രമണത്തിന് മുമ്പ്, ഒരു അത്താഴവിരുന്നില്‍, ആക്രമണകാരിയായ സെക്കന്‍റ് ലഫ്റ്റനന്‍റ് മുഹമ്മദ് അല്‍ഷമ്രാനി തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് അക്രമ വീഡിയോകള്‍ കാണിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അദ്ദേഹം ഉപയോഗിച്ച 9 എംഎം ഹാന്‍ഡ്ഗണ്‍ നിയമാനുസൃതമായി വാങ്ങിയതാണ്.

സൗദി കേഡറ്റുകളുടെ ആസൂത്രിതമായ പുറത്താക്കലിനെക്കുറിച്ച് ചോദിച്ചപ്പോള്‍, സൗത്ത് കേഡറ്റുകളെ പുറത്താക്കാന്‍ പെന്‍റഗണ്‍ തീരുമാനിച്ചതായി വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍ ഫോക്സ് ന്യൂസിനോട് പറഞ്ഞു.

ഫ്ലോറിഡയിലെ പെന്‍സകോള സേനാ താവളം വിദേശ സൈനികര്‍ക്ക് ഏവിയേഷന്‍ പരിശീലനം നല്‍കുന്ന കേന്ദ്രമാണ്. ഇറ്റലി, സിംഗപ്പൂര്‍, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റു ഉദ്യോഗസ്ഥര്‍ക്കൊപ്പം 1995-ലാണ് സൗദി പെലറ്റുമാര്‍ക്ക് അവിടെ പരിശീലനം നല്‍കാന്‍ ആരംഭിച്ചത്.

കഴിഞ്ഞ മാസത്തെ ആക്രമണത്തിന് ശേഷം ഇരുന്നൂറോളം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ അവിടെ വിവിധ ട്രെയിനിംഗ് പരിശീലനത്തില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ബേസ് കമാന്‍ഡിംഗ് ഓഫീസര്‍ പറഞ്ഞു. 16,000 സൈനികരും 7,400 സിവിലിയന്‍ ഉദ്യോഗസ്ഥരും ഈ ബേസില്‍ ജോലി ചെയ്യുന്നുണ്ട്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!