ഭാര്യയെ ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിൽ ബ്രിട്ടീഷ് പൗരൻ; ചൈനീസ് പൗരന്മാർ രാജ്യം വിടരുതെന്ന് നിർദ്ദേശം

ഭാര്യയെ ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിൽ ബ്രിട്ടീഷ് പൗരൻ; ചൈനീസ് പൗരന്മാർ രാജ്യം വിടരുതെന്ന് നിർദ്ദേശം

കൊറോണ വൈറസ് ഭീതിയിലാണ് ലോകം. രോഗബാധ മൂലം അടച്ച ചൈനയിലെ വുഹാനിൽ നിന്ന് സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. എന്നാൽ ചൈനീസ് പൗരന്മാർക്ക് രാജ്യം വിടാൻ വിലക്കുണ്ട്. ജനുവരി മുപ്പതിന് തങ്ങളുടെ പൗരന്മാരെ വുഹാനിൽ നിന്ന് കൊണ്ടുവരുമെന്നാണ് ബ്രിട്ടന്റെ പറയുന്നത്. എന്നാൽ ജെഫ് സിഡിൽ എന്ന ബ്രിട്ടൺ സ്വദേശിക്ക് ഭാര്യ ചൈനീസ് സ്വദേശിയായതിനാൽ അവരെ തന്റെ കൂടെ കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. ചൈനീസ് സ്വദേശികൾ രാജ്യം വിടരുതെന്ന ചൈനയുടെ നിർദേശമാണ് ജെഫ് സിഡിലിന് വിനയായിരിക്കുന്നത്.

ജെഫിന്റെ ഭാര്യ സിൻഡി ചൈനീസ് സ്വദേശിയാണെങ്കിലും അവർക്ക് ബ്രിട്ടനിൽ സ്ഥിരതാമസ വിസയുണ്ട്. അതിനാൽ ഭാര്യയെയും ബ്രിട്ടനിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഒമ്പതുവയസ്സുള്ള മകളെ കൂടെകൂട്ടാൻ അനുമതി ലഭിച്ചെങ്കിലും ഭാര്യയെ രാജ്യംവിടാൻ ചൈനീസ് അധികൃതർ അനുവദിച്ചിട്ടില്ല. അധികൃതരുടെ കടുംപിടുത്തം കാരണം ഭാര്യയെ ഉപേക്ഷിച്ചുപോകേണ്ട അവസ്ഥയിലാണ് താനെന്ന് ജെഫ് പറയുന്നു. മകളെ അമ്മയിൽനിന്ന് വേർപ്പെടുത്തുന്നതിന്റെ വേദനയും അദ്ദേഹം പങ്കുവെച്ചു. എത്രകാലത്തേക്ക് ഇത് നീണ്ടുനിൽക്കുമെന്ന ആശങ്കയും ജെഫിനുണ്ട്.

ബുധനാഴ്ചയോ വ്യാഴാഴ്ചയോ തങ്ങളുടെ പൗരന്മാരെ വുഹാനിൽനിന്ന് കൊണ്ടുവരുമെന്നാണ് ബ്രിട്ടൻ അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ചയോളം ഇവരെ സൈനിക ക്യാമ്പിൽ പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിക്കും. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.

Share this story