കൊറോണ വൈറസ് മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി; ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി; ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. 1000 പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഹുബായിൽ കഴിഞ്ഞ ദിവസം 37 പേർക്കാണ് കൊറോണ വൈറസ് ബാധയേറ്റ് ജീവൻ നഷ്ടമായത്. ഇതുവരെ 7,711 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1032 പേർക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗം ബാധിച്ചത്. ടിബറ്റിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ വുഹാനിൽ നിന്ന് അവരുടെ പൗരൻമാരെ ഒഴിപ്പിച്ചിട്ടുണ്ട്.

അതേസമയം, വൈറസിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ലോകരാജ്യങ്ങൾക്ക് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊറോണ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന അടിയന്തര യോഗം വിളിച്ചിരിക്കുകായാണ്. ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടോയെന്നത് സംഘടന ചർച്ച ചെയ്യും.

ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ച ഈ പകർച്ചവ്യാധിയുടെ വ്യാപനം അതീവഗൗരവമുള്ളതാണെന്നാണ് നിരീക്ഷണം. ഇതിനോടകം ചൈനയെ കൂടാതെ തായ്ലന്റ്, ഫ്രാൻസ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങി 16 രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.വിദഗ്ധ ചികിത്സയിലൂടെ നിരവധി പേർ രോഗശാന്തി നേടിയിട്ടുണ്ടെങ്കിലും കൊറോണ വൈറസിന്റെ വ്യാപനം തടയാൻ വാക്സിനോ മരുന്നോ ഇതുവരെ കണ്ടെത്താത്തിത് സ്ഥിതിഗതികൾ കൂടുതൽ വശളാക്കുന്നെന്നും ലോകാരോഗ്യസംഘടന വിലയിരുത്തി.

ഡോ. റയന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘത്തെ ചൈനയിലേക്കയക്കാനും ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞൻമാർ കോറോണ വൈറസിനെ പുനർ സൃഷ്ടിക്കുന്നതിൽ വിജയിച്ചത് ഈ മേഖലയിലെ ഗവേഷണങ്ങൾക്ക് പുത്തനുണർവ് നൽകുന്നുണ്ടെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡനോം ഗബ്രിയേസസ് ചൈനയിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു. രോഗബാധിതരായ 20 ശതമാനം പേരിൽ മാത്രമാണ് അതീവഗുരുതരാവസ്ഥയിലുളളതെന്ന് ടെഡ്രോസ് പറഞ്ഞു. എല്ലാ ലോകരാജ്യങ്ങളും ചൈനയോടൊപ്പം നിൽക്കണമെന്നും കഴിയാവുന്ന സഹായം ചെയ്യണമെന്നും ടെഡ്രോസ് അഭ്യർത്ഥിച്ചു.

Share this story