ട്രംപ് ഇംപീച്ച്മെന്റ് അന്വേഷണത്തില്‍ സാക്ഷി പറഞ്ഞവര്‍ക്ക് ജോലി നഷ്ടപ്പെട്ടു

ട്രംപ് ഇംപീച്ച്മെന്റ് അന്വേഷണത്തില്‍ സാക്ഷി പറഞ്ഞവര്‍ക്ക് ജോലി നഷ്ടപ്പെട്ടു

മൊയ്തീന്‍ പുത്തന്‍‌ചിറ


വാഷിംഗ്ടണ്‍: ഇംപീച്ച്മെന്‍റ് അന്വേഷണത്തില്‍ സാക്ഷി പറഞ്ഞ ഉന്നതരായ രണ്ട് ഉദ്യോഗസ്ഥരെ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പുറത്താക്കി. അതോടെ ട്രം‌പ് പ്രതികാര നടപടികളിലേക്ക് നീങ്ങുകയാണെന്ന ആരോപണവും ഉയര്‍ന്നു.

ദേശീയ സുരക്ഷാ സമിതിയില്‍ (എന്‍‌എസ്‌സി) ജോലി ചെയ്തിരുന്ന ലെഫ്റ്റനന്‍റ് കേണല്‍ അലക്സാണ്ടര്‍ വിന്‍ഡ്മാനെ വൈറ്റ് ഹൗസില്‍ നിന്ന്  പുറത്താക്കാന്‍ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ യൂറോപ്യന്‍ യൂണിയനിലെ യു എസ് അംബാസഡര്‍ ഗോര്‍ഡന്‍ സോണ്ട്‌ലാന്‍ഡിനെ തിരിച്ചു വിളിച്ചു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച ട്രം‌പിനെ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷ സെനറ്റ് കുറ്റവിമുക്തനാക്കി രണ്ട് ദിവസത്തിന് ശേഷമാണ് എതിരാളികളായ ഡമോക്രാറ്റുകളെ ‘ദുഷിച്ചവര്‍’ എന്ന് മുദ്രകുത്തി ട്രം‌പ് സ്റ്റേറ്റ് ഓഫ് ദി യൂണിയനില്‍ പ്രസംഗിച്ചത്.

ട്രംപിന്‍റെ ഉദ്ഘാടനത്തിന് ഒരു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയ ശേഷം ലഭിച്ച പദവിയാണ് സോണ്ട്‌ലാന്‍ഡിന് നഷ്ടമായത്.

ഇറാഖ് യുദ്ധത്തില്‍ പരിക്കേറ്റ, ഏറ്റവും വിശ്വസ്തനും ബഹുമാനിക്കപ്പെട്ടവനുമായ വിന്‍‌ഡ്മാനെ വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം പെട്ടെന്നായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഡേവിഡ് പ്രസ്‌മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.  അദ്ദേഹത്തെ എസ്കോര്‍ട്ടോടുകൂടെ വൈറ്റ് ഹൗസില്‍ നിന്ന് പുറത്തെത്തിക്കുകയായിരുന്നു. തന്റെ രാജ്യത്തേയും പ്രസിഡന്റിനേയും സേവിച്ചതിനും, സത്യം പറഞ്ഞതിനുമുള്ള പ്രത്യുപകാരമാണ് ഈ നടപടിയെന്നും പ്രസ്‌മാന്‍ ആരോപിച്ചു.

എന്‍.എസ്.സി.യില്‍ അഭിഭാഷകനായി ജോലി ചെയ്തിരുന്ന, ലെഫ്റ്റനന്‍റ് കേണലായ വിന്‍ഡ്‌മാന്‍റെ ഇരട്ട സഹോദരന്‍ യെവ്ജെനിയെയും പുറത്താക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിന്‍ഡ്മാന്‍ ദേശീയ സുരക്ഷാ സമിതിയില്‍ യൂറോപ്യന്‍ കാര്യങ്ങളുടെ ഡയറക്ടറായിരുന്നു.

സഭാ ഇംപീച്ച്മെന്‍റ് വിചാരണവേളയില്‍ സാക്ഷ്യം വഹിക്കാന്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഉക്രേനിയന്‍ വംശജനായ വിന്‍ഡ്മാന്‍  തെളിവുകള്‍ നല്‍കിയിരുന്നു.

ഒരു അമേരിക്കന്‍ പൗരനെയും രാഷ്ട്രീയ എതിരാളിയെയും കുറിച്ച് അന്വേഷിക്കാന്‍ ഒരു വിദേശ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് അമേരിക്കന്‍ പ്രസിഡന്റിന് യോജിച്ചതല്ലെന്നാണ് വിന്‍ഡ്മാന്‍ പറഞ്ഞത്.

ഇംപീച്ച്മെന്‍റ് നടപടിയെ തട്ടിപ്പാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അടുത്ത തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍സ് കോണ്‍ഗ്രസിന്‍റെ നിയന്ത്രണം തിരിച്ചുപിടിക്കണമെന്നും ഇംപീച്ച്മെന്റ് എടുത്തുകളയണമെന്നും ട്രംപ് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി വൈറ്റ് ഹൗസ് സന്ദര്‍ശിച്ചതിന് പകരമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡനെക്കുറിച്ചുള്ള അന്വേഷണത്തിനായി സെലെന്‍സ്കിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ട്രംപിന്‍റെ നിര്‍ദ്ദേശ പ്രകാരം ട്രംപിന്‍റെ സ്വകാര്യ അഭിഭാഷകന്‍ റൂഡി ജിയൂലിയാനി നേതൃത്വം നല്‍കിയതായും വൈറ്റ് ഹൗസിലേയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിലെയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതിനെക്കുറിച്ച് അറിയാമെന്നും ഗോര്‍ഡന്‍ സോണ്ട്‌ലാന്‍ഡ് പറഞ്ഞിരുന്നു. ആ സാക്ഷി മൊഴിയാണ് ഇം‌പീച്ച്മെന്റ് നടപടിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതും അദ്ദേഹത്തിന്റെ ജോലി നഷ്ടമായതും.

Share this story