മില്‍വാക്കിയിലെ മോള്‍സണ്‍ കൂര്‍സ് ബ്രൂയിംഗ് കമ്പനിയില്‍ വെടിവെയ്പ്; അക്രമിയടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു

മില്‍വാക്കിയിലെ മോള്‍സണ്‍ കൂര്‍സ് ബ്രൂയിംഗ് കമ്പനിയില്‍ വെടിവെയ്പ്; അക്രമിയടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു

മൊയ്തീന്‍ പുത്തന്‍‌ചിറ


വിസ്‌കോണ്‍സിന്‍: മില്‍വാക്കിയിലെ മോള്‍സണ്‍ കൂര്‍സ് ബ്രൂയിംഗ് കമ്പനിയില്‍ നടന്ന വെടിവയ്പില്‍ തോക്കുധാരി ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.

51 കാരനായ മില്‍വാക്കി സ്വദേശിയായ തോക്കുധാരിയാണ് സ്വയം വെടിവെച്ച് മരിച്ചത്. കൊല്ലപ്പെട്ടവരുടെ തിരിച്ചറിയല്‍ രേഖകള്‍ പിന്നീട് പുറത്തുവിടുമെന്ന് പോലീസ് മേധാവി അല്‍ഫോന്‍സോ മൊറേല്‍സ് പറഞ്ഞു. വെടിവയ്പില്‍ മറ്റാര്‍ക്കും  പരിക്കേറ്റിട്ടില്ല.

മില്‍വാക്കിയിലെ വെസ്റ്റ് സ്റ്റേറ്റ് സ്ട്രീറ്റിലെ 4000 ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന കമ്പനിയില്‍ നിന്ന് അടുത്തിടെ പിരിച്ചു വിട്ട  വ്യക്തിയാണ് വെടിവെയ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് വെടിവെപ്പ് നടന്നതെന്ന് മില്‍വാക്കി പോലീസ് ട്വീറ്റ് ചെയ്തു.

മില്‍‌വാക്കി നഗരത്തിന് ഇത് പറഞ്ഞറിയിക്കാനാവാത്ത ദുരന്തമാണെന്ന് മേയര്‍ ടോം ബാരറ്റ് പറഞ്ഞു. ‘നാമെല്ലാവരും ജോലിക്ക് പോകുന്നതുപോലെ ഇന്നും ആ കൊല്ലപ്പെട്ടവരും ജോലിക്ക് പോയി. അവര്‍ തിരിച്ചു വരുന്നതും കാത്ത് അവരുടെ കുടുംബാംഗങ്ങള്‍ കാത്തിരുന്നു. പക്ഷെ, അവരിനി ഒരിക്കലും തിരിച്ചുവരില്ല,’ മേയര്‍ പറഞ്ഞു.

സംഭവത്തില്‍ പ്രസിഡന്റ് ട്രം‌പ് ദുഃഖം രേഖപ്പെടുത്തുകയും കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

മില്‍വാക്കിയിലെ മോള്‍സണ്‍ കൂര്‍സ് ബ്രൂയിംഗ് കമ്പനിയില്‍ വെടിവെയ്പ്; അക്രമിയടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു

ഞങ്ങളുടെ പ്ലാന്റില്‍ നടന്ന സംഭവം ഞെട്ടിക്കുന്നതാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം.  മില്‍വാക്കി പോലീസ് ഡിപ്പാര്‍ട്ടുമെന്‍റുമായി ഞങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് മോള്‍സണ്‍ കൂര്‍സ് ട്വീറ്റ് ചെയ്തു. ‘ഞങ്ങളുടെ മുന്‍ഗണന ഞങ്ങളുടെ ജീവനക്കാരാണ്, അവരുടെ സം‌രക്ഷണത്തിനാണ് മുന്‍‌ഗണന. പോലീസുമായി ഞങ്ങള്‍ സഹകരിക്കുന്നുണ്ട്,’ കമ്പനി വക്താവ് പറഞ്ഞു.

മില്ലര്‍ കൂര്‍സ് ബ്രൂവറിയിലെ വെടിവെയ്പിന്റെ സാഹചര്യത്തോട് പ്രതികരിക്കുകയാണെന്ന് Bureau of Alcohol, Tobacco, Firearms and Explosives അറിയിച്ചു. വൈകുന്നേരം 4: 30 ന് ശേഷം ഭീഷണിയൊന്നും സജീവമല്ലെന്ന് പോലീസ് പറഞ്ഞു, പക്ഷേ രംഗം ഇപ്പോഴും ശാന്തമായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വെടിവയ്പില്‍ തോക്കുധാരി ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടതായി മില്‍‌വാക്കി ജേണല്‍ സെന്‍റിനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മില്‍വാക്കി മേയര്‍ ടോം ബാരറ്റ് ഒരു പത്രസമ്മേളനത്തില്‍ ഒന്നിലധികം പേര്‍ മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും മരിച്ചവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. വൈകുന്നേരം 6 മണിക്ക് മുമ്പ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് തോക്കുധാരി ഉള്‍പ്പടെ ഏഴു പേര്‍ മരിച്ചെന്നാണ്.

Share this story