കനേഡിയൻ പ്രധാന മന്ത്രിയും കൊറോണ നിരീക്ഷണത്തില്‍; ഭാര്യയ്ക്ക് കൊവിഡ്- 19

കനേഡിയൻ പ്രധാന മന്ത്രിയും കൊറോണ നിരീക്ഷണത്തില്‍; ഭാര്യയ്ക്ക് കൊവിഡ്- 19

കൊറോണ ലോകത്ത് പടരുന്നതിനിടെ കാനഡയിലെ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോ കൊവിഡ്-19 നിരീക്ഷണത്തിൽ. ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫിയ ട്രൂഡോയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടനിൽ നിന്ന് മടങ്ങിയ ശേഷം സ്വയം ഐസൊലേഷൻ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു രണ്ട് പേരും. പിന്നീട് ഭാര്യ സോഫിയയ്ക്ക് കൊറോണയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയായിരുന്നു. സോഫിയയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും വീട്ടിലിരുന്ന് ജോലി ചെയ്യാൻ തീരുമാനിക്കുകയും ഐസൊലേഷൻ പ്രഖ്യാപിക്കുകയുമായിരുന്നു. ഇതേ തുടർന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഒറ്റാവയിൽ വച്ച് നടത്താനിരുന്ന കാനഡാ പ്രവിശ്യാ നേതാക്കളുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു.

വാർത്താ സമ്മേളനവും ഫോൺ കോളുകളും വെർച്വൽ മീറ്റിംഗുകളും പ്രധാനമന്ത്രി ഓഫീസിൽ നിന്ന് നിയന്ത്രിക്കുമെന്നാണ് ഓഫീസിൽ നിന്നുള്ള അറിയിപ്പ്. ബുധനാഴ്ച തന്നെ ചെറിയ പനിയും കൊറോണയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ച സോഫിയ അപ്പോൾ തന്നെ മെഡിക്കൽ വിദഗ്ധരുടെ നിർദേശങ്ങൾ സ്വീകരിച്ചു.

ജസ്റ്റിൻ ട്രൂഡോയും ഉപ പ്രധാന മന്ത്രി ക്രിസ്റ്റിയാ ഫ്രീലാൻഡും മന്ത്രിമാരുമായി ഫോണിലൂടെ കൊവിഡ്-19 പ്രതിരോധ നടപടികളെ കുറിച്ച് ചർച്ച ചെയ്യും. കാനഡയുടെ പബ്ലിക്ക് ഹെൽത്ത് ഏജൻസി രോഗ ലക്ഷണങ്ങളുള്ളവരോട് സ്വയം ഐസൊലേഷനിലിരിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. മറ്റുള്ളവരുമായുള്ള സമ്പർക്കവും ഒഴിവാക്കണം.

Share this story