ഇറ്റലിയെ പിടിച്ചുലച്ച് കൊവിഡ് 19; മരണം 4800 പിന്നിട്ടു

ഇറ്റലിയെ പിടിച്ചുലച്ച് കൊവിഡ് 19; മരണം 4800 പിന്നിട്ടു

കൊവിഡ് 19 ഇറ്റലിയെ പിടിച്ചുലക്കുന്നു. വൈറസ് ബാധയെത്തുടർന്ന് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 4,825 ആയി. വൈറസ് ബാധയും മരണങ്ങളും മൂലം ഇറ്റലി അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ്.

ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് നിരക്കാണ് ഇറ്റലിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആറായിരം പുതിയ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 53,578 ആയി. അതേസമയം, 5129 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. വടക്കൻ ഇറ്റലിയിലെ ലോംബാർഡിയിലാണ് കൊവിഡ് 19 അതിവേഗം പടർന്ന് പിടിക്കുന്നത്. ഇവിടെ മാത്രം ഇതുവരെ 2,549 പേരാണ് മരിച്ചത്.

22,264 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത 675 ആയിരുന്നു ഇതുവരെ ഇറ്റലിയിൽ കൊവിഡ് മൂലമുണ്ടായ ഒരു ദിവസത്തെ ഏറ്റവും വലിയ മരണനിരക്ക്. ഒരു ദിവസം മാത്രം മരിച്ചവരുടെ എണ്ണം 800 കടന്നു എന്നാണ് റിപ്പോർട്ട്.

വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ രോഗം ഏറ്റവും രൂക്ഷമായ ദിവസങ്ങളിൽ പോലും പരമാവധി 150 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ചൈനയിൽ രോഗം നിയന്ത്രണവിധേയമായപ്പോൾ ഇറ്റലിയിൽ അത് നിയന്ത്രണാതീതമായി തുടരുകയാണ്.

Share this story