ന്യൂയോര്‍ക്കില്‍ സ്കൂള്‍ സൂപ്രണ്ടിന് കൊവിഡ്-19 സ്ഥിരീകരിച്ചതിനു മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു

ന്യൂയോര്‍ക്കില്‍ സ്കൂള്‍ സൂപ്രണ്ടിന് കൊവിഡ്-19 സ്ഥിരീകരിച്ചതിനു മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു

മൊയ്തീന്‍ പുത്തന്‍‌ചിറ


ന്യൂറോഷേല്‍ (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്കില്‍ സ്കൂള്‍ സൂപ്രണ്ടിന് കോവിഡ് 19 പോസിറ്റീവ് കണ്ടെത്തിയതിനു തൊട്ടുമുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു.

ന്യൂയോര്‍ക്കിലെ വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടിയിലെ ന്യൂറോഷേല്‍ നഗരത്തില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി വ്യാപകമാണെന്നറിഞ്ഞിട്ടും അത് അവഗണിച്ച് മൂന്ന് സ്കൂളുകള്‍ സന്ദര്‍ശിച്ച് മാര്‍ച്ച് 11-ന് സ്കൂള്‍ സൂപ്രണ്ട് ലോറ ഫീജു വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുകയായിരുന്നു, അതും സ്കൂളുകള്‍ അടച്ചിടാന്‍ ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുടെ വിജ്ഞാപനം വന്നതിനുശേഷം.

ബുധനാഴ്ച സ്കൂളുകളില്‍ പോയി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് കൈമാറി, പക്ഷേ വ്യാഴാഴ്ച വരെ എനിക്ക് രോഗലക്ഷണങ്ങളൊന്നും കണ്ടില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വീഡിയോ വഴി ലോറ പറഞ്ഞു. ‘ഞാന്‍ ആരുമായും അടുത്തിടപഴകിയില്ല. ഓരോ വ്യക്തിയില്‍ നിന്നും ആറ് മുതല്‍ 10 അടി വരെ അകലം പാലിക്കണമെന്ന നിയമം എനിക്കറിയില്ലായിരുന്നു,’ എന്ന് അവര്‍ പറഞ്ഞു.

അന്ന് ലോറയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഡസന്‍ കണക്കിന് വിദ്യാര്‍ത്ഥികളും സ്റ്റാഫ് അംഗങ്ങളും വിവിധ നഗര ഉദ്യോഗസ്ഥരും മാര്‍ച്ച് 12 മുതല്‍ മാര്‍ച്ച് 26 വരെ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗലക്ഷണങ്ങള്‍ കാണുന്നവരെ മാത്രമേ പരിശോധനയ്ക്ക് വിധേയരാക്കൂ.

ജലദോഷം, ശരീര വേദന, സന്ധി വേദന, കണ്ണ് വേദന, ചുമ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടതായി ലോറ പറഞ്ഞു.

സ്കൂളുകള്‍ അടച്ചയുടനെ രണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും ഒരു വിദ്യാര്‍ത്ഥിക്കും കൊവിഡ്-19 പോസിറ്റീവ് കണ്ടെത്തി. അവരെ ഐസൊലേഷനിലേക്ക് മാറ്റി ചികിത്സ ആരംഭിച്ചു.

ന്യൂയോര്‍ക്കിലെ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമാണ് സിറ്റി ഓഫ് ന്യൂറോഷേല്‍.

പ്രസ് കോണ്‍ഫറസ്ന്‍ വീഡിയോ:

Share this story