വരുന്നത് വേദന നിറഞ്ഞ ദിനങ്ങൾ; രണ്ടര ലക്ഷം പേർ മരിച്ചേക്കാമെന്നും ട്രംപ്

വരുന്നത് വേദന നിറഞ്ഞ ദിനങ്ങൾ; രണ്ടര ലക്ഷം പേർ മരിച്ചേക്കാമെന്നും ട്രംപ്

വേദന നിറഞ്ഞ രണ്ടാഴ്ചക്കാലത്തിലൂടെയാണ് അമേരിക്ക കടന്നു പോകുന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണ വൈറസ് ബാധയെ തുടർന്ന് ഒരു ലക്ഷം മുതൽ 2,40,000 പേർ വരെ മരിച്ചുവീഴാമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി.

വലിയ വേദനകൾ ഉണ്ടാകാൻ പോകുകയാണ്. ബുദ്ധിമുട്ടേറിയ ദിവസങ്ങളെ നേരിടാൻ എല്ലാവരും തയ്യാറായിരിക്കണം. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാർഗനിർദേശങ്ങൾ പാലിച്ചാലും 2.4 ലക്ഷം പേർ വരെ മരിച്ചേക്കാം. ഏപ്രിൽ 30 വരെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ട്രംപ് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ 15 ലക്ഷം മുതൽ 22 ലക്ഷം പേർ വരെ മരിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്

മന്ത്രവിദ്യയോ വാക്‌സിനോ തെറാപ്പിയോ ഇതിനില്ല. കൃത്യമായ നിർദേശങ്ങൾ പാലിച്ചാൽ പ്രതിസന്ധി 30 ദിവസത്തിനകം മറികടക്കാം. വരുന്ന ഒരു മാസമാണ് ഈ മഹാമാരിയുടെ ഗതി നിർണയിക്കുകയെന്ന് കൊറോണ വൈറസ് റെസ്‌പോൺസ് കോർഡിനേറ്റർ ഡെബോറാഹ് ബിർക്‌സ് പറഞ്ഞു.

കൊറോണ മരണങ്ങളിൽ അമേരിക്ക ചൈനയെ മറികടന്നിരുന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം 3867 പേരാണ് രാജ്യത്ത് മരിച്ചത്. 1.87 ലക്ഷം പേർ കൊറോണ വൈറസ് ബാധിതരായി

Share this story