അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു

അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു

അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 10,467 ആണ് നിലവിലെ മരണസംഖ്യ. 3,56,007 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 19,247 പേര്‍ രോഗമുക്തി ആശുപത്രി വിട്ടു. അമേരിക്കയില്‍ ദിനംപ്രതി മരണവും രോഗം പകരുന്നവരുടെ എണ്ണവും കുത്തനെ കൂടുകയാണ്.

അടുത്ത രണ്ടാഴ്ച ഏറെ നിര്‍ണായകമാണെന്നും സാമൂഹ്യ അകലം പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇനിയും ഒട്ടേറെ മരണങ്ങള്‍ രാജ്യത്തുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അതേസമയം, കൊവിഡ് ബാധിതര്‍ ഏറ്റവും കടുതലുള്ള ന്യൂയോര്‍ക്കില്‍ ഇന്നലെ മരണനിരക്ക് ആശ്വാസമായി.

എന്നാല്‍ വരും ദിവസങ്ങളിലും മരണനിരക്ക് കുറഞ്ഞാല്‍ മാത്രമെ ആശ്വസിക്കാന്‍ വകയുള്ളുവെന്ന് ന്യൂയോര്‍ക്ക് മേയര്‍ ആന്‍ഡ്ര്യൂ ക്യൂമോ പറഞ്ഞു. ചൈനയില്‍ നിന്നടക്കം കൂടുതല്‍ വെന്റിലേറ്ററുകള്‍ വൈകാതെ എത്തുമെന്നും ക്യൂമോ പറഞ്ഞു.

ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്സ് മൃഗശാലയില്‍ പാര്‍പ്പിച്ചിരിക്കുന്ന കടുവയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നാല് വയസുള്ള മലയന്‍ പെണ്‍ കടുവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. മൃഗശാല അധികൃതരെ ആശങ്കയിലാക്കി മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കന്‍ പുലികളിലും രോഗലക്ഷണം പ്രകടമായിട്ടുണ്ട്.

കടുവയിലേയ്ക്ക് രോഗം പകര്‍ന്നത് മൃഗശാല ജീവനക്കാരില്‍ നിന്നാകാമെന്നാണ് നിഗമനം. മാര്‍ച്ച് മധ്യത്തോടെ മൃഗശാല രോഗപ്പകര്‍ച്ച തടയുന്നതിനായി അടച്ചിട്ടിരുന്നതാണ്. കടുവയില്‍ രോഗം സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിചരിക്കുന്നവര്‍ക്ക് അധികൃതര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share this story