കൊവിഡ് : ഇറ്റലിയില്‍ സൗജന്യമായി ഭക്ഷണം വിതരണം ചെയ്ത് മാഫിയ സംഘങ്ങള്‍

കൊവിഡ് : ഇറ്റലിയില്‍ സൗജന്യമായി ഭക്ഷണം വിതരണം ചെയ്ത് മാഫിയ സംഘങ്ങള്‍

കൊവിഡ് 19 പ്രതിസന്ധിയില്‍ ഇറ്റലിയില്‍ സമാന്തര സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മാഫിയാ സംഘങ്ങള്‍. ലോക്ക്ഡൗണില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ട സാഹചര്യത്തിലാണ് മാഫിയാ സംഘങ്ങള്‍ സമാന്തര സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് വന്നത്. സൗജന്യ ഭക്ഷണ വിതരണത്തിലൂടെ മാഫിയ പ്രദേശിക പിന്തുണ വര്‍ധിപ്പിക്കുന്ന ആശങ്കയിലാണ് അധികൃതര്‍.

കൊവിഡ് കാരണം ഇറ്റലി നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്. അടിയന്തരാവസ്ഥ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ത്തിരിക്കുകയാണ്. ജോലിയില്ലാത്ത കാരണം പട്ടിണിയിലായ ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയിലാണ് ഭക്ഷണവും അവശ്യസാധനങ്ങളും എത്തിച്ച് മാഫിയ സമാന്തര ഭരണകൂടമായി മാറുന്നത്.

 

‘ വര്‍ധിച്ചുവരുന്ന സാമൂഹിക അശാന്തിയുടെ ആദ്യ സിഗ്‌നലുകളാണിത്, വര്‍ധിച്ചുവരുന്ന ദാരിദ്ര്യത്തെ മുതലെടുക്കാന്‍ മാഫിയകള്‍ക്ക് കഴിയും. മാഫിയ സംഘങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലേക്ക് ഇത് നീങ്ങും ”. അല്ലെങ്കില്‍ സൗജന്യ ഭക്ഷണ പാഴ്‌സലുകളുടെ വിതരണം കൂടുതല്‍ വ്യാപിക്കേണ്ടിവരും ‘ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി ലൂസിയാന ലാമോര്‍ജി പറഞ്ഞു. അതേസമയം, മാഫിയ സംഘങ്ങള്‍ അവശ്യസാധനങ്ങള്‍ വിതരണം ആരംഭിച്ച മേഖലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.

‘ഒരു മാസത്തിലേറെയായി, ഷോപ്പുകള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍, പബ്ബുകള്‍ എന്നിവ അടച്ചിരിക്കുന്നു, ദശലക്ഷക്കണക്കിന് ആളുകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. അവര്‍ക്ക് ഒരു മാസത്തില്‍ കൂടുതല്‍ വരുമാനം ലഭിച്ചിട്ടില്ല. അവര്‍ എപ്പോള്‍ ജോലിയില്‍ പ്രവേശിക്കുമെന്നറിയില്ല. അടിയാന്തരാവസ്ഥ

പ്രതിസന്ധികള്‍ മറിക്കടക്കാന്‍ സര്‍ക്കാര്‍ ഷോപ്പിംഗ് വൗച്ചറുകള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും ഫലപ്രദമാല്ല. ഇത്തരം സാധാരണക്കാരായ കുടുംബങ്ങളെ സഹായിക്കാന്‍ ഭരണകൂടം ഉടന്‍ നടപടിയെടുക്കുന്നില്ലെങ്കില്‍, മാഫിയാ സംഘങ്ങള്‍ ഇവര്‍ക്കിടയില്‍ സ്വാധീനം ചൊലുത്തും ‘, ആന്റിമാഫിയ ഇന്‍വെസ്റ്റിഗേറ്ററും കാറ്റന്‍സാരോയിലെ പ്രോസിക്യൂട്ടര്‍ ഓഫീസ് മേധാവിയുമായ നിക്കോള ഗ്രാറ്റേരി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഇറ്റലിയിലെ അറിയപ്പെടുന്ന മാഫിയാ സംഘങ്ങള്‍ പൊതുജനങ്ങള്‍ക്ക്  അവശ്യസാധനങ്ങള്‍ എത്തിക്കുന്ന വിഡിയോകള്‍ പുറത്തുവന്നിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കാരണം ദരിദ്രരായ ഇറ്റലിയിലെ തെക്കന്‍ പ്രദേശങ്ങളായ കാമ്പാനിയ, കാലാബ്രിയ, സിസിലി, പുഗ്ലിയ എന്നിവിടങ്ങളിലാണ് വിവിധ മാഫിയാ സംഘങ്ങള്‍ ഭക്ഷണമുള്‍പ്പെടുന്ന അവശ്യസാധനങ്ങള്‍ വിതരണം ചെയ്തത്. പൊലീസും അധികൃതരും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ മാഫിയകളാണ് സമാന്തര ഭരണകൂടമായി ജനങ്ങളിലേക്ക് സഹായമെത്തിക്കുന്നത്. ലോക്ക്ഡൗണിന്റെ ആഘാതം ഇറ്റലിയിലെ 3.3 ദശലക്ഷം ആളുകളെയാണ് ബാധിച്ചിരിക്കുന്നത്.

ഇതില്‍ ഒരു ദശലക്ഷത്തിലധികം പേര്‍ ഇറ്റലിയുടെ തെക്കന്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഈ മേഖലയില്‍ വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പൊലീസ് സുരക്ഷയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചെറിയ കച്ചവടക്കാരെ ഭക്ഷണ സാധനങ്ങള്‍ ലഭിക്കാന്‍ ആളുകള്‍ ഭീഷണിപെടുത്തുകയാണ്. ഈ സാഹചര്യത്തിലാണ് സഹായവുമായി മാഫിയാ സംഘങ്ങള്‍ ജനങ്ങള്‍ക്കിടയിലെത്തുന്നത്.

സിസിലിയിലെ ആളുകള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. ഭക്ഷണ വിതരണം ആളുകളുടെ പിന്തുണ നേടാനാണ് എന്ന മാധ്യമവര്‍ത്തകരോട് മാഫിയാ സംഘങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ മറുപടിയുമായി രംഗത്ത് വന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമാണെന്നും തങ്ങള്‍ക്ക് മറ്റ് ലക്ഷ്യങ്ങളില്ലെന്നും സംഘങ്ങള്‍ വ്യക്തമാക്കി.

Share this story