കിം ജോങ് ഉന്നിന് വേണ്ടി ചൈന ആരോഗ്യ വിദഗ്ധരെ അയച്ചതായി റിപ്പോർട്ട്

കിം ജോങ് ഉന്നിന് വേണ്ടി ചൈന ആരോഗ്യ വിദഗ്ധരെ അയച്ചതായി റിപ്പോർട്ട്

ഉത്തരകൊറിയയിലേക്ക് ചൈന വിദഗ്ധ മെഡിക്കൽ സംഘത്തെ അയച്ചതായി റിപ്പോർട്ട്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് പരസ്പര വിരുദ്ധമായ വാർത്തകൾ നിലനിൽക്കെയാണ് ചൈന വിദഗ്ധ മെഡിക്കൽ സംഘത്തെ അയച്ചതായുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

ഉത്തരകൊറിയയിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായി ധാരണയുള്ള മൂന്ന് പേരെ ഉദ്ധരിച്ചാണ് വാർത്തകൾ. അതേസമയം, ഇതിന് സ്ഥിരീകരണമില്ല.

 

വിദഗ്ധ ഡോക്ടർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ചൈനീസ് സംഘമാണ് ഉത്തരകൊറിയയിലേക്ക് തിരിച്ചതെന്നാണ് വിവരം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്റർനാഷണൽ ലൈസൺ ഡിപ്പാർട്ട്മെന്റിന്റെ മുതിർന്ന അംഗത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വ്യാഴാഴ്ച ബീജിംഗിൽ നിന്ന് ഉത്തര കൊറിയയിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം കിം ഗുരുതരാവസ്ഥയിലാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളെ ദക്ഷിണ കൊറിയൻ സർക്കാർ ഉദ്യോഗസ്ഥരും ലൈസൻ ഡിപ്പാർട്ട്മെന്റിലെ ഒരു ചൈനീസ് ഉദ്യോഗസ്ഥനും ചോദ്യം ചെയ്തിരുന്നു. ഉത്തരകൊറിയയിൽ അസാധാരണ പ്രവർത്തനങ്ങളുടെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ദക്ഷിണ കൊറിയൻ അധികൃതർ അറിയിച്ചിരുന്നു.

അതിനിടെ ശസ്്ത്രക്രിയക്ക് ശേഷം കിം സുഖം പ്രാപിച്ചുവെന്ന് സിയോൾ ആസ്ഥാനമായുള്ള ഡെയ്ലി എൻകെ റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയയിലെ ചില വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഡെയ്‌ലി എൻകെ വാർത്ത റിപ്പോർട്ട് ചെയ്തത്.

Share this story