കൊവിഡ് വാക്‌സിൻ വികസിപ്പിച്ചാലും ഇല്ലെങ്കിലും അമേരിക്കയിലെ നിയന്ത്രണങ്ങൾ നീക്കും: ട്രംപ്

കൊവിഡ് വാക്‌സിൻ വികസിപ്പിച്ചാലും ഇല്ലെങ്കിലും അമേരിക്കയിലെ നിയന്ത്രണങ്ങൾ നീക്കും: ട്രംപ്

കൊവിഡിന് വാക്‌സിൻ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും അമേരിക്കയിലെ നിയന്ത്രണങ്ങൾ മാറ്റുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അമേരിക്കയുടെ കൊവിഡ് വാക്‌സിൻ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളെ രണ്ടാം ലോക മഹായുദ്ധകാലത്ത് ആണവായുധങ്ങൾ വികസിപ്പിക്കാനുണ്ടായിരുന്ന ശ്രമങ്ങളുമായി ട്രംപ് ഉപമിച്ചു. ഏത് വിധേനയും അമേരിക്കയിലെ പൗരന്മാരുടെ ജീവിതം സാധാരണ രീതിയിലേക്ക് തിരിച്ച് കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു.

 

ഈ വർഷത്തിനുള്ളിൽ തന്നെ കൊവിഡ് വാക്‌സിൻ കണ്ടുപിടിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ട്രംപ്. കഴിഞ്ഞ ദിവസവും വാക്‌സിൻ നിർമാണത്തെക്കുറിച്ച് ട്രംപ് വാചാലനായി. മാൻഹട്ടൻ പദ്ധതി അഥവാ ആണവായുധങ്ങൾ വികസിപ്പിച്ചെടുക്കാൻ രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്ക തയാറാക്കിയ പദ്ധതിയുമായാണ് ഈ സന്ദർഭത്തെ പ്രസിഡന്റ് താരതമ്യം ചെയ്തത്. 12-18 മാസത്തിനുള്ളിൽ ഫലപ്രദമായ വാക്‌സിൻ അമേരിക്ക വികസിപ്പിച്ചെടുക്കുമെന്നും ട്രംപ്. എന്തിരുന്നാലും അമേരിക്കൻ ജനതയുടെ ജീവിതം സാധാരണ ഗതിയിലേക്കെത്തിക്കും. വാക്‌സിനെ മാത്രം ആശ്രയിച്ചായിരിക്കരുത് ഇനിയുള്ള കാലത്തെക്കുറിച്ച് ചിന്തിക്കേണ്ടതെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് കൊവിഡ് കാലത്തേക്കുള്ള സഹായവും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്വിറ്റർ വഴിയായിരുന്നു പ്രഖ്യാപനം. വെൻഡിലേറ്റർ അടക്കം ആരോഗ്യ ഉപകരണങ്ങൾ ഇന്ത്യയ്ക്ക് നൽകുന്ന കാര്യവും കൊവിഡ് വാക്‌സിൻ വികസിപ്പിക്കുന്നതിൽ ഇരു രാജ്യങ്ങളും പങ്കാളികളാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന് ട്വിറ്റിറിലൂടെ നന്ദി രേഖപ്പെടുത്തി.

Share this story