അമേരിക്കയിൽ കൊവിഡ് കുതിച്ചുയരുന്നു, മാസ്ക് ധരിക്കില്ലെന്ന പിടിവാശി ഉപേക്ഷിച്ച് ട്രംപ്

അമേരിക്കയിൽ കൊവിഡ് കുതിച്ചുയരുന്നു, മാസ്ക് ധരിക്കില്ലെന്ന പിടിവാശി ഉപേക്ഷിച്ച് ട്രംപ്

കൊവിഡ് തടയാനായി താൻ മാസ്ക് ധരിക്കില്ലെന്ന പിടിവാശി ഉപേക്ഷിച്ച് ട്രംപ്. കൊവിഡ് വൈറസ് വ്യാപനം തടയാൻ ഏറ്റവും ഫലപ്രദമാർഗമെന്ന് ലോക ആരോഗ്യ വിദഗ്ദ്ധർ പറയുന്ന മാസ്ക് താൻ ധരിക്കില്ലെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റെ ഡോണാൾഡ് ട്രംപിന്റെ നിലപാട്. എന്നാൽ ഈ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് ട്രംപ് ഇപ്പോൾ. അമേരിക്കയിൽ കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിദഗ്ദ്ധരുടെ അഭിപ്രായത്തെതുടർന്നാണ് ട്രംപ് മാസ്ക് ധരിക്കില്ലെന്ന തീരുമാനം ഉപേക്ഷിച്ചത്.

മേരിലാൻഡിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ ശനിയാഴ്ച സന്ദർശനം നടത്തുന്ന ട്രംപ് ആദ്യമായി മാസ്ക് ധരിക്കും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചില സൈനികരെ കാണാനായി വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ പോകുമെന്നും അപ്പോൾ താൻ മാസ്ക് ധരിക്കുമെന്നും ട്രംപ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തകരെ സന്ദർശിക്കുമെന്നും ട്രംപ് അറിയിച്ചു.

ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പ്രകാരം അമേരിക്കയിൽ 24 മണിക്കൂറിനിടെ 63,247 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 990 പേർ മരണപ്പെടുകയും ചെയ്തു. അമേരിക്കയിൽ കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തുന്നതിനാലാണ് രോഗികളുടെ എണ്ണം കൂടുന്നതെന്നാണ് ട്രംപിന്റെ വാദം. രാജ്യത്തെ കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നതിനും ട്രംപ് മുൻകെെയെടുത്തു. എന്നിരുന്നാലും അമേരിക്കയിൽ കൊവിഡ് പരിശോധന ഫലം പോസിറ്റീവാകുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. പ്രത്യേകിച്ചു ടെക്സസ്, ഫ്ലോറിഡ, കാലിഫോർണിയ തുടങ്ങിയ സ്ഥലങ്ങളിൽ.

Share this story