സുപ്രീം കോടതി വിധി വൈറ്റ് ഹൗസിനു തിരിച്ചടിയെന്നു വാദം

സുപ്രീം കോടതി വിധി വൈറ്റ് ഹൗസിനു തിരിച്ചടിയെന്നു വാദം

യു.എസ്:  പ്രിസിഡൻ്റ് ട്രംപിന്റെ സാമ്പത്തിക രേഖകൾ ക്ഷണിച്ചുവരുത്തുന്നതുമായി ബന്ധപ്പെട്ട രണ്ടു കേസുകൾ അതുമായി ബന്ധപ്പെട്ട നിയമപരമായ ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കീഴ്‌ക്കോടതികളിലേക്കു സുപ്രീം കോടതി തിരിച്ചയച്ചത് വൈറ്റ് ഹൗസിന് തിരിച്ചടിയാണെന്ന് വാദം. പ്രസിഡന്റ് ട്രംപിന്റ് ആസ്തികളടക്കമുള്ള വിവരങ്ങൾ കീഴ്‌ക്കോടതികളുടെ നിർണയത്തിനനുസരിച്ച് പരിശോധിക്കപ്പെടാവുന്നതാണെന്ന വിധിയിലെ സുപ്രധാന അംശം നിൽക്കെയാണ് ഈ വാദം.

2018ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കരസ്ഥമാക്കിയ ഉടൻ തന്നെ ട്രംപിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി 80ലധികം വ്യത്യസ്ത മേഖലകളിൽ കൽപ്പനകൾ പുറപ്പെടുവിക്കുമെന്നു ഹൗസിലെ ഒരു ഡെമോക്രാറ്റ് അംഗം പറഞ്ഞിരുന്നു. പ്രസിഡന്റിന്റെ നികുതി റിട്ടേണുകൾ, എഫ് ബി ഐ ഡയറക്ടർ ആയിരുന്ന ജെയിംസ് കോമിയെ പുറത്താക്കിയത്, വിദേശ നേതാക്കളുമായുള്ള ട്രംപിന്റെ ചർച്ചകൾ, സെക്യൂരിറ്റി ക്ലിയറൻസുകൾ, ട്രംപിന്റെ കുടുംബത്തിന്റെ ബിസിനസ്, നീലച്ചിത്ര നായികാ സ്റ്റോമി ഡാനിയെലയുമായുള്ള ബന്ധങ്ങൾ, എക്സിക്യൂട്ടീവ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ പുനർവിന്യാസം ചെയ്തത്, മ്യുള്ളർ റിപ്പോർട്ട് തുടങ്ങി പലതും അക്കൂട്ടത്തിലുൾപ്പെട്ടു.

ഹൗസിനുള്ള മേൽനോട്ട അധികാരത്തെക്കുറിച്ച് ആരും തർക്കിക്കുന്നില്ല എന്ന് പറയുന്ന സ്പീക്കർ നാൻസി പെലോസിയുടെ വിമർശകർ എന്നാൽ അത് നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു മാത്രമേ വിനിയോഗിക്കാവൂയെന്ന് കോടതികൾ എല്ലായ്പ്പോഴും ആവർത്തിച്ചിട്ടുള്ളത് ഓർമിപ്പിക്കുന്നു. മുമ്പുള്ള കോൺഗ്രസുകൾ അതിന്റെ അന്തസ്സത്ത ഉൾക്കൊണ്ടു തന്നെ പ്രവർത്തിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് ട്രംപിനോടുള്ള വിദ്വേഷത്താൽ പെലോസിയുടെ നേതൃത്വത്തിലുള്ള സമിതി അതിരു കടന്ന പ്രവർത്തനങ്ങൾക്ക് മുതിർന്നു. അതിലവർ ദുരുപയോഗപ്പെടുത്തിയത് നിയമനിർമ്മാണങ്ങൾക്കായി നൽകിയ അധികാരത്തെത്തന്നെയായിരുന്നു.

2013 മുതൽ 2018 വരെയുള്ള 6 വർഷക്കാലത്തെ ട്രംപിന്റെ നികുതി റിട്ടേണുകൾ ഹൗസിന്റെ വേയ്സ് ആൻഡ് മീൻസ് ചെയർമാൻ റിച്ചാർഡ് നീൽ 2019ലെ വസന്തകാലത്ത് ആവശ്യപ്പെട്ടതാണ് കേസിനാസ്പദമായ സംഭവം. പ്രസിഡന്റുമാരുടെ ഓഡിറ്റിംഗ് സംബന്ധിച്ച ഇന്റേണൽ റവന്യു സർവീസിന്റെ നയത്തിന്റെ മേൽനോട്ടം തന്റെ കമ്മിറ്റിക്കുണ്ടെന്നാണ് അവകാശപ്പെട്ടു കൊണ്ടാണ് നീൽ അതാവശ്യപ്പെട്ടത്. എന്നാൽ അതിന്റെ യഥാർത്ഥ ഉദ്ദേശം വളരെ വ്യക്തമായിരുന്നു. ഐ ആർ എസിന്റെ ഓഡിറ്റിംഗ് നയം സംബന്ധിച്ച യാതൊന്നും തന്നെ അദ്ദേഹം ആവശ്യപ്പെടുകയുണ്ടായില്ല. മറ്റേതെങ്കിലും പ്രസി ഡന്റുമാരെ സംബന്ധിച്ച വിവരങ്ങളും ആരായുകയുണ്ടായില്ല. ട്രംപ് പ്രസിഡന്റാകുന്നതിനു മുമ്പുള്ള നാല് വർഷങ്ങളിലെ നികുതി റിട്ടേണുകളുടെ വിവരങ്ങളും കൂടി ആവശ്യപ്പെടുകയും ചെയ്തു.

വളരെക്കാലമായി നിലനിന്ന ഒരു ഒത്തുതീർപ്പിനെ മറികടക്കാൻകൂടിയാണ് ഡെമോക്രറ്റുകളുടെ നിയന്ത്രണത്തിലുള്ള ഹൌസ് ശ്രമിച്ചത്. രേഖകൾ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് കോൺഗ്രസും വൈറ്റ് ഹൗസും തമ്മിൽ വളരെക്കാലം പോരടിക്കുകയും ഒത്തുതീർപ്പിലെത്തുകയും ചെയ്തിട്ടുണ്ട്. സമീപകാലത്ത് ട്രംപ്-റഷ്യ ബന്ധത്തെ സംബന്ധിച്ച് ജസ്റ്റിസ് ഡിപ്പാർട്ടുമെന്റിന്റെ പക്കലുള്ള രേഖകൾലഭ്യമാക്കാൻ റിപ്പബ്ലിക്കന്മാർ ഒരു വർഷത്തിലേറെ ശ്രമിക്കുകയും ഒടുവിൽ ഒത്തുതീർപ്പുണ്ടാക്കുകയും ചെയ്തിരുന്നു. പെലോസിയുടെ ഹൌസ് ഫലങ്ങളെക്കാൾ കൂടുതൽ ശ്രദ്ധിച്ചത് “തടസ്സങ്ങൾ” സൃഷ്ടിക്കുന്നതിലായിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം നീങ്ങുകയും കേസുകൾ കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഇതെല്ലാംതന്നെ സുപ്രീം കോടതി പരിഗണിക്കുകയുണ്ടായി. ഇന്നിപ്പോൾ ഡെമോക്രറ്റുകൾക്കാണ് ഖേദിക്കേണ്ടി വരുന്നതെങ്കിൽ ഭാവിയിലെ കോൺഗ്രസുകൾക്കാകെയും അത് ബാധകമാകും. ട്രംപ് v മാസാർസ് കേസിൽ പ്രസിഡന്റിന്റെ സാമ്പത്തിക രേഖകൾ ഹാജരാക്കുന്നതിനായി കോൺഗ്രസ് പുറപ്പെടുവിച്ച ഒട്ടേറെ കൽപ്പനകൾ കോടതി തടയുകയും പ്രശ്നങ്ങൾ പുനരവലോകനം ചെയ്യുന്നതിനായി കീഴ്‌ക്കോടതികൾക്കു നിർദ്ദേശം നൽകുകയും ചെയ്തു. മേൽനോട്ടം വഹിക്കുന്നതിനുള്ള കോൺഗ്രസിന്റെ അധികാരത്തെ കോടതികൾ ശരിവെച്ചെന്നാണ് പെലോസി അവകാശപ്പെട്ടത്. എന്നാൽ ഈ ഉത്തരവ് പരിശോധനകൾ കർക്കശമാക്കുന്നതും കൽപ്പനകൾ പുറപ്പെടുവിക്കാനുള്ള കോൺഗ്രസിന്റെ അധികാരത്തെ പരിമിതപ്പെടുത്തുന്നതുമാണ്.

7 -2 എന്ന ഭൂരിപക്ഷത്തിൽ എഴുതിയ വിധിയിൽ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ഹൗസിന്റെ കടിഞ്ഞാണില്ലാത്ത പെരുമാറ്റത്തെക്കുറിച്ച് പറയുകയും രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം ഉയർന്ന കോടതി മുമ്പാകെ എത്തുന്ന “ഇത്തരത്തിലുള്ള ആദ്യ കേസ്”ആണിതെന്നും വിയോജിപ്പുകൾ പരിഹരിക്കാൻ കോൺഗ്രസിനും വൈറ്റ് ഹൗസിനും കഴിഞ്ഞിരുന്നതായും ചൂണ്ടിക്കാട്ടുകയും ചെയ്തു. എങ്കിലും രേഖകൾ ഹാജരാക്കുന്നതിനുള്ള കൽപ്പനകൾക്കായി കീഴ്‌ക്കോടതികളിൽ കോൺഗ്രസിന് അതിന്റെ നീക്കങ്ങൾ തുടരാവുന്നതാണെന്നും കോടതി വിധിച്ചു. ഇനിമുതൽ എല്ലാ കല്പനകളും കോടതികളുടെ പല പരിശോധനകൾക്കും വിധേയമാകുമെന്നാണ് ഇതിനർത്ഥമെന്ന് അവർ പറയുന്നു.

ഒരു നിയമനിർമ്മാണത്തിന്റെ ആവശ്യത്തിന് പ്രസിഡന്റിന്റെ രേഖകൾ ആവശ്യമാണെന്ന് നിയമ നിർമ്മാതാക്കൾക്ക് ബോധ്യപ്പെടുത്തേണ്ടിവരും. കോൺഗ്രസിന് ആവശ്യമായ വിവരങ്ങൾ മറ്റു കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാക്കാൻ കഴിയുമെങ്കിൽ പ്രസിഡന്റിന്റെ രേഖകൾക്കായി നിർബ്ബന്ധം പിടിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് പറയുന്നു. നിയമ നിർമ്മാണത്തിന്റെ ലക്ഷ്യങ്ങൾക്ക് ആവശ്യമില്ലാത്തതായ രേഖകൾക്കായുള്ള കൽപ്പനകൾ കോടതികൾ പരിശോധിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. രാഷ്ട്രീയമായ എതിർചേരിയിൽ നിൽക്കുന്ന ഒരു ഗവണ്മെന്റ് ശാഖയിൽ നിന്നുമുണ്ടാകുന്ന കൽപ്പനകൾ “സ്ഥാപനത്തിന്റെ നേട്ടങ്ങൾക്കായി” പ്രയോജനപ്പെടുത്തുമെന്നതിനാൽ ഒരു കൽപ്പന പ്രസിഡന്റിനുണ്ടാക്കുന്നതായ ഭാരം കോടതികൾ വിലയിരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഭാവിയിൽ എല്ലാ കോൺഗ്രസുകൾക്കും വൈറ്റ് ഹൗസുകൾക്കും ഈ തീരുമാനം ബാധകമാകും. കൂടിയാലോചനകളുടെയും ഒത്തുതീർപ്പുകളുടെയും മുമ്പുണ്ടായിരുന്ന അന്തസ്സത്ത വീണ്ടും ആധിപത്യം നേടുമോ? ഇപ്പോൾ സൃഷ്ടിക്കപ്പെട്ട പുതിയ സാഹചര്യം കോടതിയുടെ കുഴപ്പമല്ല. ഡെമോക്രാറ്റുകളുടെ ട്രംപ് വിരുദ്ധ ജ്വരമാണ് കോടതിയുടെ ഇടപെടൽ ആവശ്യമാക്കിത്തീർത്ത ഒരു അധികാര വിഭജനം സൃഷ്ടിച്ചത്. ഈ കോടതി വിധി മറ്റൊരു കാര്യം കൂടി ഓർമ്മിപ്പിക്കുന്നു: എല്ലാ “സ്ഥാപനങ്ങളെ” യും “മാനദണ്ഡങ്ങളെ” യും ട്രംപ് തകർക്കുകയാണെന്നു പറഞ്ഞു അതിനെതിരെ ഡെമോക്രറ്റുകൾ നടത്തിയ “ചെറുത്തുനിൽപ്പാ” ണ്‌ ഇപ്പോൾ വലിയ നാശമുണ്ടാക്കിയിട്ടുള്ളതെന്നാണ് അവരുടെ വാദം.

Share this story