ചൈന സന്ദര്‍ശനത്തിന് തയ്യാറെടുത്ത് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍

ചൈന സന്ദര്‍ശനത്തിന് തയ്യാറെടുത്ത് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍

വാഷിങ്ങ്ടൺ: ദ്വികക്ഷിബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്നതിനിടെ ഈ വര്‍ഷം ചൈന സന്ദര്‍ശിക്കുമെന്ന് അറിയിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍.

ദക്ഷിണ ചൈന കടലില്‍ അമേരിക്കയുടെ സേനാവിന്യാസം ഉള്‍പ്പെടെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് എസ്‌പെര്‍ ചൈന സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്നത്. ചൈനീസ് പ്രതിരോധ മന്ത്രിയുമായി ഇക്കാര്യം പലതവണ ചര്‍ച്ച ചെയ്തതായും ഈ വര്‍ഷം അവസാനത്തോടെ യാത്ര സാധ്യമായേക്കുമെന്നും എസ്‌പെര്‍ അറിയിച്ചു.

പ്രതിസന്ധി ആശയവിനിമയത്തിന് ആവശ്യമായ സംവിധാനങ്ങള്‍ സ്ഥാപിക്കുക, നാമെല്ലാം ഉള്‍പ്പെടുന്ന അന്താരാഷ്ട്ര സംവിധാനത്തില്‍ പരസ്യമായി മത്സരിക്കാനുള്ള ഉദ്ദേശ്യങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയാണ് യാത്രയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് എസ്‌പെര്‍ ഒരു സുരക്ഷ സെമിനാറില്‍ പറഞ്ഞു.

ദക്ഷിണ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള പിന്തുണ പ്രസ്താവിച്ചുകൊണ്ട് ദക്ഷിണ ചൈന കടലില്‍ യു.എസ് നടത്തിയ നീക്കങ്ങളോട് ചൈന രൂക്ഷമായാണ് പ്രതികരിച്ചത്. നവംബര്‍ തെരഞ്ഞെടുപ്പിന് മുമ്പായി ചൈനയെ വെല്ലുവിളിച്ചുകൊണ്ടുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ നീക്കം കൂടിയായിരുന്നുവത്.

എന്നാല്‍, ദക്ഷിണ ചൈന കടലുമായി ബന്ധപ്പെട്ട ചൈനയുടെ വാദം യു.എസ് നിയമവിരുദ്ധമായേ പരിഗണിക്കൂവെന്ന് തിങ്കളാഴ്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടിരുന്നു. തങ്ങളത് വളരെ വ്യക്തമാക്കിയിരിക്കുന്നു. ദക്ഷിണ ചൈന കടലുമായും കടല്‍ത്തീര പ്രകൃതി വിഭവങ്ങളോടുമുള്ള ചൈനയുടെ അവകാശവാദങ്ങള്‍ പൂര്‍ണമായും നിയമവിരുദ്ധമാണ്.

അവയെ നിയന്ത്രണത്തിലാക്കുന്നതിനുള്ള പ്രചാരണവും ഭീഷണിപ്പെടുത്തലുമാണ് അവര്‍ നടത്തുന്നതെന്നും പോംപിയോ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

Share this story