2 ദിവസത്തിനുള്ളില്‍ ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ച് പൂട്ടണമെന്ന് അമേരിക്ക

2 ദിവസത്തിനുള്ളില്‍ ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ച് പൂട്ടണമെന്ന് അമേരിക്ക

ന്യൂയോര്‍ക്ക്: അമേരിക്കയും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പൂര്‍വ്വാധികം ശക്തിപ്രാപിച്ചിരുന്നു. കൊവിഡ് വ്യാപനം മറച്ചുവെച്ച് ചൈന ലോകത്തെ വഞ്ചിച്ചുവെന്നാണ് അമേരിക്കയുടെ ആരോപണം. ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി ചൈനയും രംഗത്ത് എത്തിയതോടെ തര്‍ക്കംമൂത്തു. ഇതിനിടെയാണ് ഹൂസ്റ്റണില്‍ സ്ഥിതിചെയ്യുന്ന ചൈനീസ് കോണ്‍സുലേറ്റ് അടക്കാന്‍ അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള നടപടിയെ ശക്തമായി അപലപിക്കുന്നതായും ഇത് പ്രതികാര നടപടിയിലേക്ക് നീങ്ങാമെന്നും ചൈന അറിയിച്ചു. ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് അടയ്ക്കണമെന്ന് ചൈനയോട് ആവശ്യപ്പെടുന്നത് ചൊവ്വാഴ്ചയാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ അറിയിച്ചത്. മറ്റ് കുഴപ്പങ്ങളുമില്ലാതെ സാധാരണ നിലയിലാണ് കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചു വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹൂസ്റ്റണിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം വിവിധ രേഖകള്‍ കോണ്‍സുലേറ്റിലെ മുറ്റത്ത് വെച്ച് കത്തിക്കുന്ന സ്ഥിതിയുണ്ടായെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോണ്‍സുലേറ്റ് അടയ്ക്കാന്‍ രണ്ട് ദിവസത്തെ സമയാണ് അമേരിക്ക ചൈനക്ക് നല്‍കിയിരുന്നതെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ ഗ്ലോബല്‍ ടൈംസ് ന്യൂസ്‌പേപ്പര്‍ എഡിറ്റര്‍ ഹൂ ഷിജിന്‍ ട്വീറ്റ് ചെയ്തത്.

അതേസമയം ചൈനീസ് കോണ്‍സുലേറ്റിന്‍റ മുറ്റത്തെ രണ്ട് കണ്ടെയ്നറില്‍ നിന്നും തീയും പുകയും ഉയരുന്ന ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.

Share this story