ടിക് ടോക് നിരോധനവുമായി പാകിസ്താന്‍; കാരണം അശ്ലീലവും സദാചാരവിരുദ്ധവുമായ വീഡിയോകള്‍

ടിക് ടോക് നിരോധനവുമായി പാകിസ്താന്‍; കാരണം അശ്ലീലവും സദാചാരവിരുദ്ധവുമായ വീഡിയോകള്‍

ഇസ്ലാമാബാദ്: ഇന്ത്യക്കു പിന്നാലെ പാകിസ്താനും ടിക് ടോക് നിരോധിക്കാനുള്ള തയ്യാറെടുപ്പില്‍. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് പാകിസ്താന്‍ ഭരണകൂടം അന്ത്യശാസനം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായല്ല നീക്കം. അശ്ലീലവും സദാചാരവിരുദ്ധവുമായ വീഡിയോകള്‍ പ്രചരിക്കുന്നുവെന്ന കാരണത്താലാണ് ടിക് ടോകിനെ പടികടത്തുന്നത്. ചൈനീസ് നിയന്ത്രണത്തിലുള്ള ഗെയിമിങ് ആപ്ലിക്കേഷനായ പബ്ജിക്കും സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ബിഗോക്കും പാകിസ്താന്‍ നിരോധനമേര്‍പ്പെടുത്തി.

ബിഗോയിലൂടെയും ടിക് ടോകിലൂടെയും സദാചാരവിരുദ്ധവും അശ്ലീലവുമായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇതിനോടകം നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പാക് ടെലി കമ്മ്യൂണിക്കേഷന്‍ അതോറിറ്റി വ്യക്തമാക്കി. ഈ ആപ്പുകളിലെ വിവരങ്ങള്‍ പൊതുസമൂഹത്തിലും പ്രത്യേകിച്ച് യുവാക്കളിലും തെറ്റായ സ്വാധീനമുണ്ടാക്കും. രാജ്യത്തെ നിയമങ്ങള്‍ക്കും സദാചാര പരിധികള്‍ക്കും അനുസരിച്ച് ആപ്പുകളിലെ വിവരങ്ങള്‍ നിയന്ത്രിക്കണമെന്ന് കമ്പനികളെ അറിയിച്ചിരുന്നു. എന്നാല്‍ അവരുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ നടപടി സ്വീകരിക്കാനാണ് നീക്കമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനു പിന്നാലെയാണ് ബിഗോ നിരോധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

വ്യക്തികളുടെ സ്വകാര്യതയും രാജ്യസുരക്ഷയും അപകടത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുമ്പാണ് ഇന്ത്യ ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷന്‍ നിരോധിച്ചത്. ഇതിനു പിന്നാലെ യു.എസ് ഉള്‍പ്പെടെ രാജ്യങ്ങളും ടിക് ടോക് നിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ടുവന്നിരുന്നു.

Share this story