കൊവിഡ് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് ചൈനയിൽ അനുമതി

കൊവിഡ് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് ചൈനയിൽ അനുമതി

ബീജിങ്: ചൈനയിലെ ആഭ്യന്തര കമ്പനികൾ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനുകൾ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകി. ഔദ്യോഗികമായി അംഗീകാരം ലഭിക്കാത്ത വാക്സിനുകളാണ് ഹൈ റിസ്ക് വിഭാഗക്കാരിൽ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ആരോഗ്യ വിഭാഗം അനുമതി നൽകിയിരിക്കുന്നതെന്നാണു റിപ്പോർട്ടുകൾ. ചൈനീസ് വാക്സിൻ മാനെജ്മെന്‍റ് നിയമപ്രകാരമാണിതെന്ന് ചൈനീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മെഡിക്കൽ കൺസന്‍റ് ഫോമുകൾ, പാർശ്വഫല നിരീക്ഷണ പ്ലാനുകൾ, എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ പരിഹരിക്കാനുള്ള പ്ലാനുകൾ, നഷ്ടപരിഹാര പ്ലാനുകൾ തുടങ്ങി കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയാണ് ഈ വാക്സിനുകൾ ഉപയോഗിക്കുക. കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനുള്ള പ്രത്യേക ദൗത്യസേന ഇക്കാര്യങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തും.

ചൈന വികസിപ്പിച്ച കൊവിഡ് വാക്സിനുകൾ ഇപ്പോൾ മനുഷ്യരിലുള്ള പരീക്ഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. ആദ്യ ഡോസുകൾ സ്വീകരിച്ചവർക്ക് പാർശ്വഫലങ്ങളൊന്നും കാര്യമായി ഉണ്ടായിട്ടില്ല എന്നാണു റിപ്പോർട്ട്. പരീക്ഷണങ്ങൾ വിജയകരമാണ് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്തര ഘട്ടങ്ങളിലെ ഉപയോഗത്തിന് അനുമതി. അതീവ ഗുരുതരമായ ആരോഗ്യ പ്രതിസന്ധി ഘട്ടങ്ങളിൽ ക്ലിനിക്കൽ ട്രയലുകളിലുള്ള വാക്സിനുകൾ പരിമിതമായ തോതിൽ ഉപയോഗിക്കാൻ ചൈനീസ് വാക്സിൻ മാനെജ്മെന്‍റ് നിയമം അനുവദിക്കുന്നുണ്ട്.

ആരോഗ്യ പ്രവർത്തകർ, അതിർത്തിയിലുള്ള ഓഫിസർമാർ, വിദേശത്ത് അടിയന്തരമായി പോകേണ്ട ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെല്ലാം അവരുടെ അനുമതിയോടെ ഈ വാക്സിനുകൾ നൽകുമെന്നാണു റിപ്പോർട്ട്. ഭക്ഷ്യ മാർക്കറ്റുകൾ, ഗതാഗത സംവിധാനങ്ങൾ, സേവന മേഖലകൾ എന്നിവിടങ്ങളിലും അടിയന്തര ഉപയോഗം പരിഗണിക്കും. ചൈനയുടെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിനാളുകൾക്ക് വാക്സിൻ നൽകുമെന്നാണു സൂചന. വാക്സിൻ നൽകുന്നത് സൗജന്യമായാണെന്നും റിപ്പോർട്ട്.

ഇതിനിടെ, ചൈനീസ് സൈന്യം വൻതോതിൽ വാക്സിനേഷൻ ആരംഭിച്ചു കഴിഞ്ഞതായും പറയുന്നുണ്ട്. എന്നാൽ, അതിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ചൈനീസ് കമ്പനി സിനോഫാം വികസിപ്പിച്ച കൊവിഡ് വാക്സിൻ സുരക്ഷിതമാണെന്ന് അടുത്തിടെ റിപ്പോർട്ടുണ്ടായിരുന്നു. ആദ്യ ഘട്ടം ക്ലിനിക്കൽ ട്രയലുകളിൽ ഇതു വിജയിച്ചു എന്നാണു പറയുന്നത്. ഇതിനിടെ, പെറു, മൊറോക്കോ, അർജന്‍റീന എന്നിവിടങ്ങളിൽ ഇതിന്‍റെ മൂന്നാം ഘട്ടം പരീക്ഷണങ്ങൾക്ക് സിനോഫാം കഴിഞ്ഞ ദിവസം കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്.

യുഎഇയിലെ 20,000ത്തിലേറെ പേർക്ക് സിനോഫാമിന്‍റെ കൊവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഭാഗമായി നൽകിയിട്ടുണ്ട്. അതിന്‍റെ ഫലം നിരീക്ഷിക്കുകയാണെന്ന് സിനോഫാം എംഡി യാങ് സിയാവോമിങ് പറയുന്നു.

Share this story