കോവിഡ് കാലമായിട്ടും നെടുമ്പാശേരിയില്‍ നിന്ന് ലണ്ടനിലേക്കു 200 ലേറെ യാത്രക്കാര്‍

കോവിഡ് കാലമായിട്ടും നെടുമ്പാശേരിയില്‍ നിന്ന് ലണ്ടനിലേക്കു 200 ലേറെ യാത്രക്കാര്‍

ലണ്ടൻ: നെടുമ്പാശേരിയില്‍ നിന്ന് യൂറോപ്പിലേക്ക് കണക്ടിവിറ്റിയെന്ന സ്വപ്നം സാക്ഷാത്കരിച്ചതോടെ ബിസിനസ്, ടൂറിസം രംഗങ്ങളില്‍ മികവുണ്ടായേക്കും. കോവിഡ് കാലമായിട്ടും എയര്‍ ഇന്ത്യ ആരംഭിച്ച ലണ്ടനിലേക്കുള്ള ദ്വൈവാര സര്‍വീസിന് 200 ലേറെ യാത്രക്കാരെയാണ് ലഭിക്കുന്നത്. ബിസിനസ് ക്ലാസിലും യാത്രക്കാരുണ്ട്. കേരളത്തില്‍ നാലു വിമാനത്താവളം ഉണ്ടായിട്ടും യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ നേരിട്ട് സര്‍വീസ് ഉണ്ടാകാതിരുന്നത് യാത്രക്കാരില്‍ നിരാശയുണ്ടാക്കിയിരുന്നു.

കേരളത്തിലേക്ക് ബ്രിട്ടനില്‍ നിന്നാണ് കൂടുതല്‍ വിനോദ സഞ്ചാരികളും എത്തുന്നത്. 15 മണിക്കൂറെങ്കിലും വേണം ലണ്ടനില്‍ നിന്ന് ഗള്‍ഫ് വഴി കൊച്ചിയിലെത്താന്‍ എന്നാല്‍ 9.30 മണിക്കൂറില്‍ കൊച്ചിയിലെത്താം ഈ സര്‍വീസ് വഴി. എയര്‍ ഇന്ത്യയ്ക്ക് ലാന്‍ഡിങ് ഫീ, പാര്‍ക്കിങ് ഫീ ഇനത്തില്‍ 1.75 ലക്ഷത്തോളം രൂപ ഒഴിവാക്കിയാണ് ലണ്ടന്‍ സര്‍വീസ് ആരംഭിച്ചത്. ബോയിങ് 787 വിമാനത്തില്‍ ആദ്യ ദിനം ലണ്ടനില്‍ നിന്നു കൊച്ചിയിലേക്ക് 128 യാത്രക്കാരുണ്ടായിരുന്നു. തിരിച്ചു പോകാന്‍ 228 പേരും .രണ്ടാം ദിവസം 228 പേര്‍ വന്നു. 187 പേര്‍ പോയി.

കൊച്ചിയില്‍ നിന്ന് ഡയറക്ട് യാത്ര ടൂറിസം,ബിസിനസ് മേഖലകളില്‍ ഗുണം ചെയ്യും. ബ്രിട്ടീഷ് എയര്‍വേയ്‌സ്, ലുഫ്താന്‍സ എന്നീ വിമാന കമ്പനികളുമായും സിയാല്‍ ചര്‍ച്ച നടത്തിവരികയാണ്. എയര്‍ഇന്ത്യ ലണ്ടന്‍ സര്‍വീസ് വിജയിച്ചാല്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും സര്‍വീസുകള്‍ ഉണ്ടായേക്കും.

Share this story