പുടിന്‍ ആരോഗ്യവാന്‍; പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിയുന്നെന്ന വാര്‍ത്ത തള്ളി റഷ്യ

പുടിന്‍ ആരോഗ്യവാന്‍; പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിയുന്നെന്ന വാര്‍ത്ത തള്ളി റഷ്യ

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് പാര്‍ക്കിന്‍സണ്‍ രോഗ ലക്ഷണങ്ങളുള്ളതിനാല്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി റഷ്യന്‍ സര്‍ക്കാര്‍.

പുടിന്‍ ആരോഗ്യവാനാണെന്നും പ്രസിഡന്റ് പദവി രാജിവെക്കില്ലെന്നുമാണ് റഷ്യന്‍ സര്‍ക്കാര്‍ പ്രതിനിധി ദിമിത്രി പെസ്‌കോവ് അറിയിച്ചിരിക്കുന്നത്. യു.കെ മാധ്യമമായ സണ്ണിലാണ് പുടിന്റെ ആരോഗ്യ നില മോശമാണെന്ന വാര്‍ത്തകള്‍ വന്നത്.

68 കാരനായ പുടിന് പാര്‍ക്കിന്‍സണ്‍ ലക്ഷണങ്ങളുള്ളതിനാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കുടുംബം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ട്. 2000 ലാണ് പുടിന്‍ റഷ്യയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. റഷ്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റ് പദവിയിലിരുന്നയാളാണ് പുടിന്‍.

2036-വരെ പുടിനെ പ്രസിഡന്റായി തുടരാന്‍ അനുവദിക്കുന്ന ഭരണഘടന ഭേദഗതിയും അദ്ദേഹം കൊണ്ടുവന്നിരുന്നു. നിലവില്‍ പ്രസിഡന്റായി തുടരുന്നിടത്തോളം പുടിന് കുറ്റാരോപണങ്ങളില്‍ അന്വേഷണം നേരിടേണ്ടതില്ല.

മുന്‍ പ്രസിഡന്റുമാര്‍ക്ക് ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് ആജീവനാന്തം സംരക്ഷണം നല്‍കുന്ന നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് പുടിന്റെ രാജിയെ സംബന്ധിച്ച ഊഹാപോഹങ്ങളും പുറത്തുവന്നത്.

Share this story