ഓക്സ്ഫോഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിൻ; പുറത്തുവരുന്നത് നിരാശാജനകമായ വാര്‍ത്ത

ഓക്സ്ഫോഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിൻ; പുറത്തുവരുന്നത് നിരാശാജനകമായ വാര്‍ത്ത

ലണ്ടന്‍: ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിന്‍ . പുറത്തുവരുന്നത് നിരാശാജനകമായ വാര്‍ത്ത . അസ്ട്രസെനെക്കയുമായി ചേര്‍ന്ന് ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ പിഴവു സംഭവിച്ചതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ വാക്സിന്‍ പരീക്ഷണ ഫലം സംബന്ധിച്ച് ദുരൂഹതയേറുകയാണ്. വാക്‌സിന്‍ 90 ശതമാനം വരെ ഫലപ്രദമാണെന്ന് അസ്ട്രസെനെക്ക അവകാശപ്പെട്ടതിന് പിന്നാലെയാണ് പരീക്ഷണത്തില്‍ പിഴവ് സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പരീക്ഷണത്തില്‍ പിഴവ് സംഭവിച്ചതായി അസ്ട്രസെനെക്കയും വ്യക്തമാക്കി.

വാക്സിന്റെ പകുതി ഡോസ് ആദ്യവും പിന്നീട് ബാക്കി പകുതിയും നല്‍കിയുള്ള പരീക്ഷണം 90 ശതമാനം ഫലപ്രദമാണെന്നാണ് അസ്ട്രസെനെക്ക ആദ്യം അറിയിച്ചിരുന്നത്. ഒരുമാസം ഇടവിട്ട് രണ്ട് പൂര്‍ണ ഡോസുകള്‍ നല്‍കിയപ്പോള്‍ 62 ശതമാനം മാത്രം ഫലപ്രാപ്തിയാണുണ്ടായത്. ശരാശരി രണ്ട് പരീക്ഷണങ്ങള്‍ തമ്മില്‍ കണക്കുകൂട്ടുമ്പോള്‍ വാക്സിന്‍ 70 ശതമാനം ഫലപ്രദമാണെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.

പകുതി ഡോസ് നല്‍കിയത് വാക്‌സിന്‍ നിര്‍മാണത്തില്‍ ഡോസേജിലുണ്ടായ പിഴവ് മൂലമാണെന്ന് അമേരിക്കയിലെ വാക്‌സിന്‍ പ്രോഗ്രാം ‘ഓപ്പറേഷന്‍ വാര്‍പ് സ്പീഡ്’ പറഞ്ഞു. 90 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയത് യുവാക്കളിലാണെന്നും ഓപ്പറേഷന്‍ വാര്‍പ് സ്പീഡ് കൂട്ടിച്ചേര്‍ത്തു. നേരത്തെ തന്നെ രണ്ടു ഡോസുകളില്‍ പരീക്ഷണം നടത്തിയതില്‍ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പരീക്ഷണത്തിലെ ആശയക്കുഴപ്പം നല്ലതല്ലെന്നും ഇത് വാക്സിനുമേലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

Share this story