ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% താരിഫ്; ഇന്ത്യയുമായുള്ള വ്യാപാരബന്ധം ഏകപക്ഷീയമായ ദുരന്തമെന്ന് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തെ വീണ്ടും രൂക്ഷമായി വിമർശിച്ചു. ഇന്ത്യ മുമ്പ് ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ചുമത്തിയിരുന്നുവെന്നും, അത് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് വലിയ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് "വ്യാപാരത്തിലൂടെ അമേരിക്കയെ കൊന്ന" രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാൽ, ഈയിടെയായി ഇന്ത്യ തങ്ങളുടെ താരിഫ് പൂജ്യമായി കുറയ്ക്കാൻ വാഗ്ദാനം ചെയ്തുവെന്നും, പക്ഷെ അത് വളരെ വൈകിപ്പോയെന്നും ട്രംപ് കൂട്ടിച്ചേർത്തു. നേരത്തെ റഷ്യയിൽ നിന്ന് ഇന്ത്യ വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ ട്രംപ് നിലപാട് എടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അദ്ദേഹം 50% അധിക താരിഫ് ചുമത്തി. ഇതിന് ശേഷം വന്ന ട്രംപിന്റെ പുതിയ പ്രസ്താവന ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യ-യുഎസ് വ്യാപാര ബന്ധം 'ഏകപക്ഷീയമായ ദുരന്തം' ആണെന്ന് ട്രംപ് ആവർത്തിച്ചു. അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ കഴിയാത്തവിധം ഉയർന്ന താരിഫ് ബാരിയറുകളാണ് ഇന്ത്യ സ്ഥാപിച്ചിരുന്നതെന്ന് ട്രംപ് ആരോപിക്കുന്നു. അതേസമയം, വ്യാപാര താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ് ഈ വിഷയത്തിൽ ഇന്ത്യയുടെ പ്രതികരണം. പുതിയ താരിഫുകൾ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്.
അതേസമയം, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് താരിഫ് കുറയ്ക്കുന്നതിനെക്കുറിച്ച് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. നിലവിൽ ഈ വിഷയത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്.