കൊളംബിയയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു വീണു
ബൊഗോട്ട: കൊളംബിയയില്‍ വന്‍ ഭൂചലനം. തലസ്ഥാനമായ ബൊഗോട്ടയില്‍ ഉള്‍പ്പടെ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്‌റ്റേറ്റ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പറയുന്നു. അയല്‍രാജ്യങ്ങളായ ഇക്വഡോറിലും പനാമയിലും വെനസ്വേലയിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വിവിധയിടങ്ങളിലായി മരണം 20 ആയെന്നാണ് റിപ്പോർട്ട്.
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 7.34-നായിരുന്നു ഭൂചലനമുണ്ടായത്. ബൊഗോട്ടയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്തായുള്ള സാന്‍ ഹോസ് ഡെല്‍ പാല്‍മര്‍ എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കിലോമീറ്ററുകള്‍ക്കപ്പുറം ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് ബൊഗോട്ടയിലും ഇക്വഡോറിലെ ക്വിറ്റോയിലും ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങി. ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിട്ടുണ്ട്.
കിലോമീറ്ററുകള്‍ ചൂറ്റളവിലുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. കാലി, അര്‍മേനിയ, പെരെയ്‌ര, മെഡലിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് വിള്ളലുകള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ കാലിയിലാണ് ഏറ്റവും അധികം നാശനഷ്ടങ്ങള്‍ ഉണ്ടായത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് കൊളംബിയന്‍ അധികൃതര്‍ അറിയിച്ചു.
