ഏഴാം ക്ലാസുകാരന്‍ സ്കൂളിലെത്തിയത് തോക്കുകളുമായി; കൊന്നത് 9 പേരെ

World

സെർബിയ: ബെൽഗ്രേഡിലെ വ്ലാഡിസ്ലാവ് റിബ്നിക്കർ പ്രൈമറി സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി സെർബിയൻ പൊലീസ് അറിയിച്ചു. കുട്ടിയെ അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച രാവിലെ 8.40 ഓടെ വ്രാകാർ പരിസരത്താണ് സംഭവം നടന്നത്. രണ്ട് പിസ്റ്റളുകളും നാല് മൊളോടോവ് കോക്ടെയിലുകളുമായാണ് വിദ്യാർഥി സ്കൂളിൽ പ്രവേശിച്ചത്. സ്‌കൂള്‍ ഗാര്‍ഡും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പിൽ ആറ് കുട്ടികള്‍ക്കും ഒരു അധ്യാപകനും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്ലാസ് മുറിയിൽ അധ്യാപികയ്ക്കു നേരെ ആദ്യം വെടിയുതിർത്ത ശേഷമാണ് കുട്ടി സഹപാഠികൾക്കു നേരെ നിറയൊഴിച്ചത്.

പൊതുവേ ശാന്തനും നല്ല പെരുമാറ്റവുമുള്ള കുട്ടിയെന്നാണ് സ്കൂൾ അധികൃതർ വിദ്യാർഥിയെക്കുറിച്ച് പറയുന്നത്. എന്നിരുന്നാലും കുട്ടി സ്‌കൂളിലേക്ക് ആയുധവുമായി വരാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Share this story