അഭിപ്രായവോട്ടെടുപ്പിൽ മുൻതൂക്കം: ട്രംപിനെ ട്വിറ്ററിൽ തിരികെയെത്തിച്ച് ഇലോൺ മസ്‌ക്

trump

കാപിറ്റോൾ മന്ദിരം ആക്രമണത്തെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ എന്നെന്നേക്കുമായി വിലക്കിയ ട്വിറ്റർ നടപടി തിരുത്തി ട്വിറ്ററിന്റെ പുതിയ മേധാവി ഇലോൺ മസ്‌ക്. യുഎസ് ജനപ്രതിനിധി സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടിയതിന് പിന്നാലെ ട്രംപിന് ട്വിറ്ററിലേക്ക് വീണ്ടും പ്രവേശനം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു

അഭിപ്രായ വോട്ടെടുപ്പിൽ ട്രംപിനെ തിരിച്ചെത്തിക്കണമെന്ന അഭിപ്രായത്തിന് മുൻതൂക്കം ലഭിച്ചതോടെയാണ് മസ്‌കിന്റെ പ്രഖ്യാപനം. മസ്‌ക് ഇക്കാര്യം അറിയിച്ചതിന് പിന്നാലെ ട്രംപ് ട്വിറ്ററിൽ തിരിച്ചെത്തി. പോളിൽ പങ്കെടുത്ത 51.8 ശതമാനം പേർ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന നിലപാടുള്ളവരായിരുന്നു. ജനത്തിന്റെ വാക്കുകളാണ് ദൈവത്തിന്റേതെന്നും ഇതിനാൽ ട്രംപിനെ തിരികെ എത്തിക്കുകയാണെന്നും മസ്‌ക് അറിയിക്കുകയായിരുന്നു.
 

Share this story