സൊലേദാർ നഗരം പിടിച്ചെടുത്തതായി റഷ്യ; നിഷേധിച്ച് യുക്രെയ്ൻ

കീവ്: കിഴക്കൻ യുക്രെയ്നിലെ സൊലേദാർ നഗരം പിടിച്ചടക്കിയതായി പ്രഖ്യാപിച്ച് റഷ്യ. എന്നാൽ നഗരം തങ്ങളുടെ വരുതിയിലാണെന്നും റഷ്യൻ അവകാശവാദം തെറ്റാണെന്നും യുക്രെയ്ൻ അറിയിച്ചു.
തുടർച്ചയായ ആക്രമണം കൊണ്ടും സൈന്യത്തിന്റെ സംയോജിത നീക്കത്തിലൂടെയാണ് സൊലേദാർ പിടിച്ചടക്കിയതെന്നും റഷ്യ അറിയിച്ചു. എന്നാൽ നഗരം പൂർണമായും കൈവിട്ടിട്ടില്ലെന്നും തങ്ങളുടെ സൈനികർ മേഖലയിൽ പ്രതിരോധം തുടരുകയാണെന്നും യുക്രെയ്ൻ വൃത്തങ്ങൾ വ്യക്തമാക്കി.
സൊലേദാർ പിടിച്ചടക്കിയതോടെ സമീപ നഗരമായ ബാഖ്മുത്തിലേക്ക് റഷ്യ അതിവേഗം കുതിച്ചെത്തുമെന്നാണ് കരുതുന്നത്. സോലേദാറിൽ നിന്ന് ബാഖ്മുത്തിലേക്കുള്ള വൈദ്യുത ശൃംഖല തകർക്കാനുള്ള നീക്കങ്ങൾ റഷ്യ ആരംഭിച്ചു.
റഷ്യയുടെ സൊലേദാർ മുന്നേറ്റത്തിന് അമിത പ്രാധാന്യം നൽകാതിരിക്കുക എന്ന തന്ത്രമാണ് അമേരിക്കയും നാറ്റോയും സ്വീകരിക്കുന്നത്. വ്യർഥമായ ആക്രമണങ്ങൾ കൊണ്ടും മിസൈൽ വർഷം കൊണ്ടും വ്യാപക ആൾനാശം സൃഷ്ടിച്ചുമാണ് പ്രേതനഗരമായ സൊലേദാറിൽ റഷ്യ മുന്നേറിയതെന്നാണ് അമേരിക്കൻ നിലപാട്.
യുദ്ധരംഗത്ത് 2022 സെപ്റ്റംബർ മുതൽ തുടർച്ചയായി തിരിച്ചടി നേരിടുന്ന റഷ്യയുടെ സമീപകാലത്തെ ഏറ്റവും വലിയ മുന്നേറ്റമാണ് സൊലേദാറിലേതെന്ന് നയതന്ത്ര നിരീക്ഷകർ അറിയിച്ചു.