എട്ടാം തരംഗം; ഒറ്റ ദിവസം 456 കോവിഡ് മരണം: ഉയര്‍ന്ന പ്രതിദിന കണക്ക്

covid 19

ടോക്കിയോ: ജപ്പാനില്‍ തീവ്രതയേറിയ കോവിഡ് എട്ടാം തരംഗമെന്ന് സൂചന. ഒറ്റ ദിവസം 456 കോവിഡ് മരണങ്ങളാണു രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. വ്യാഴാഴ്ച മുതല്‍ 2,45,542 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20,720 കേസുകള്‍ ടോക്കിയോയില്‍ മാത്രമാണ്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ 53 പേരെ ടോക്കിയോയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2022 ഡിസംബറില്‍ 7,688 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടാം തരംഗമാണ് ഇപ്പോള്‍ ജപ്പാനിലുണ്ടായിരിക്കുന്നതെന്നും നവംബര്‍ മുതല്‍ കോവിഡ് വ്യാപനം കുത്തനെ വര്‍ധിക്കുകയുമാണെന്ന് അധികൃതര്‍ പറഞ്ഞു. 2021ല്‍ അവസാന മൂന്നു മാസം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തേക്കാള്‍ 16 മടങ്ങ് അധികമാണ് കഴിഞ്ഞ വര്‍ഷം ഇതേ സമയമുണ്ടായത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31 മുതല്‍ ഡിസംബര്‍ 27 വരെ മരണം സംഭവിച്ചവരില്‍ 40.8 ശതമാനം പേരും 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. 90 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ 34.7 ശതമാനവും 70ന് മുകളിലുള്ളവര്‍ 17 ശതമാനവുമാണ്. ഈ മൂന്നു പ്രായത്തിലുംപെട്ട ആളുകളാണ് ആകെ മരണസംഖ്യയുടെ 92.4 ശതമാനവുമെന്നും അധികൃതര്‍ പറഞ്ഞു.

Share this story