പൈലറ്റുമാരെ സാഹസികമായി രക്ഷപ്പെടുത്താൻ എത്തിയത് 176 യുദ്ധ വിമാനങ്ങൾ
ഇറാനിൽ വെച്ച് വെടിയേറ്റ് തകർന്നു വീണ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ (F-15E Strike Eagle) യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരെയും അമേരിക്കൻ സൈന്യം അതീവ സാഹസികമായി രക്ഷപ്പെടുത്തി. ശത്രുരാജ്യത്തിന്റെ മണ്ണിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന് നടത്തിയ ഈ 'എയർ അർമാഡ' ദൗത്യത്തിൽ 176 യുദ്ധവിമാനങ്ങളാണ് പങ്കെടുത്തതെന്ന് പ്രസിഡൻഎ്റ് ഡൊണാൾഡ് ട്രംപും ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരും വെളിപ്പെടുത്തി.
ലോക സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകരമായ രക്ഷാദൗത്യങ്ങളിൽ ഒന്നാണിതെന്ന് ജോയിന്റ് ചീഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വിശേഷിപ്പിച്ചു.
ആദ്യ പൈലറ്റിനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കൻ യുദ്ധവിമാനം ഇറാനിൽ തകർന്നു വീണത്. 'ഡ്യൂഡ് 44 ആൽഫ' (Dude 44 Alpha) എന്ന കോൾ സൈനുള്ള പൈലറ്റിനെ വിമാനം തകർന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ രക്ഷപ്പെടുത്തിയിരുന്നു.
"ഞങ്ങൾ ആകാശത്തെ നിയന്ത്രിക്കുന്നു. ആദ്യ പൈലറ്റിനെ വീണ്ടെടുക്കാൻ ഇറാനു മുകളിലൂടെ പകൽ വെളിച്ചത്തിൽ ഏഴ് മണിക്കൂറാണ് ഞങ്ങൾ വിമാനം പറത്തിയത്. എന്നിട്ടും ഇറാൻ ഒന്നും ചെയ്തില്ല," വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.
രണ്ടാമനായുള്ള തിരച്ചിൽ കഠിനമായിരുന്നു
'ഡ്യൂഡ് 44 ബ്രാവോ' (Dude 44 Bravo) എന്ന കോൾ സൈനുള്ള വെപ്പൺ സിസ്റ്റം ഓഫീസറെ (WSO) കണ്ടെത്താനാണ് യുഎസ് സൈന്യം വിയർപ്പൊഴുക്കിയത്. മലനിരകളിൽ ഒളിച്ചിരുന്ന ഇദ്ദേഹത്തെ രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടെടുത്തത്. ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും ഇറാനിയൻ വ്യോമാതിർത്തിക്കുള്ളിൽ താഴ്ന്നു പറന്നാണ് തിരച്ചിൽ നടത്തിയത്.
പലപ്പോഴും ശത്രുപക്ഷത്ത് നിന്നുള്ള കടുത്ത വെടിവെയ്പ്പിനെ വിമാനങ്ങൾക്ക് നേരിടേണ്ടി വന്നതായി ട്രംപ് വിവരിച്ചു. എ-10 വാർത്ത്ഹോഗ്സ്, എച്ച്എച്ച്-60 റെസ്ക്യൂ ഹെലികോപ്റ്ററുകൾ, എച്ച്സി-130 റീഫ്യൂലറുകൾ, ഡ്രോണുകൾ എന്നിവ ദൗത്യത്തിൽ അണിനിരന്നു.
രഹസ്യ സാങ്കേതിക വിദ്യയും തന്ത്രങ്ങളും
ഗുരുതരമായി പരിക്കേറ്റ പൈലറ്റ് ക്രാഷ് സൈറ്റിൽ നിന്നും മാറി മലനിരകളിലേക്ക് നടന്നു കയറി ഒരു അത്യാധുനിക ബീപ്പർ ഉപകരണം പ്രവർത്തിപ്പിച്ചു. ലോകത്തെ മറ്റൊരു ഇന്റലിജൻസ് ഏജൻസിക്കുമില്ലാത്ത അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പൈലറ്റിനെ കണ്ടെത്തിയതെന്ന് സിഐഎ ഡയറക്ടർ ജോൺ റാഡ്ക്ലിഫ് പറഞ്ഞു.
പൈലറ്റിനെ തിരയുന്ന ഇറാനിയൻ സൈന്യത്തെ തെറ്റിദ്ധരിപ്പിക്കാൻ നിരവധി ഡെക്കോയ് (Decoy) ഓപ്പറേഷനുകളും അമേരിക്ക നടത്തി. പൈലറ്റിനെ കണ്ടെത്തുന്നത് മരുഭൂമിയിലെ മണൽത്തരി തിരയുന്നത് പോലെ കഠിനമായിരുന്നുവെന്ന് റാഡ്ക്ലിഫ് കൂട്ടിച്ചേർത്തു
കോടികളുടെ നാശനഷ്ടം; വിലപ്പെട്ട ജീവൻ
രക്ഷാദൗത്യത്തിന് ശേഷം സൈനിക ഉപകരണങ്ങൾ ഇറാൻ സൈന്യത്തിന് ലഭിക്കാതിരിക്കാൻ അമേരിക്ക അവ നശിപ്പിച്ചു. പൈലറ്റിനെ രക്ഷപ്പെടുത്തിയ ശേഷം അമിത ഭാരം മൂലം ടേക്ക് ഓഫ് ചെയ്യാൻ കഴിയാതിരുന്ന രണ്ട് എംസി-130ജെ (MC-130J) ട്രാൻസ്പോർട്ട് വിമാനങ്ങൾ അമേരിക്ക തന്നെ തകർത്തു. ഇതിന് മാത്രം ഏകദേശം 200 മില്യൺ ഡോളർ വിലവരും.
അമേരിക്കൻ സൈന്യം ഇറാനിൽ നേരിട്ട് ഇറങ്ങി ശത്രുവിനെ പ്രതിരോധിച്ചാണ് പൈലറ്റിനെ വീണ്ടെടുത്തതെന്നും ഇത് ചരിത്രപരമായ വിജയമാണെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. അതിശക്തമായ തന്ത്രങ്ങളിലൂടെയും ആധുനിക ആയുധങ്ങളിലൂടെയും അമേരിക്കൻ സൈന്യം നടത്തിയ ഈ നീക്കം ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
