എ66 വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ ഓർമ്മപ്പുതുക്കലിൽ അതിക്രമം: നിരവധി കാറുകൾക്ക് തീയിട്ടു

ലണ്ടൻ

ലണ്ടൻ: യുകെയിലെ മിഡിൽസ്ബറോയ്ക്ക് സമീപം എ66 പാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ അനുസ്മരണച്ചടങ്ങിനിടെ (Vigil) സംഘർഷം. അപകടത്തിൽ കൊല്ലപ്പെട്ട മൈക്കൽ റോബർട്ട് കാഹിൽ (23) എന്ന യുവാവിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച ചടങ്ങിനിടെയാണ് ഒരു കൂട്ടം ആളുകൾ അഞ്ച് കാറുകൾക്ക് തീയിട്ടത്.

​ഡർഹാമിലെ ഹാസ്‌വെല്ലിന് സമീപമുള്ള മൈതാനത്താണ് സംഭവം നടന്നത്. അനുസ്മരണത്തിന്റെ ഭാഗമായി ബലൂണുകൾ പറത്തുന്നതിനിടെ പെട്ടെന്ന് വാഹനങ്ങൾക്ക് തീയിടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാറുകൾ പൂർണ്ണമായും കത്തിയമർന്ന നിലയിലാണ്.

​കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ എ66 പാതയിൽ തെറ്റായ ദിശയിൽ സഞ്ചരിച്ച വാഹനം പൊലീസ് പട്രോളിങ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ ഏഴുപേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

​അനുസ്മരണച്ചടങ്ങിന്റെ മറവിൽ നടന്ന അക്രമ സംഭവങ്ങളെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പാക്കാൻ സായുധ സേനയെയടക്കം ക്ലീവ്‌ലാൻഡ് പൊലീസിന്റെ സഹായത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു. 

Tags

Share this story