വ്യോമാക്രമണം പരാജയം, വെടിക്കോപ്പുകൾ തീരുന്നു: ഇറാൻ യുദ്ധത്തിൽ നിന്ന് പിന്മാറാൻ വഴിതേടി അമേരിക്കൻ സൈനിക നേതൃത്വം
വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായി തുടരുന്നതിനിടെ, യുദ്ധത്തിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാനുള്ള മാർഗ്ഗങ്ങൾ (Exit Strategy) കണ്ടെത്താൻ അമേരിക്കൻ സൈനിക നേതൃത്വം നീക്കം നടത്തുന്നതായി റിപ്പോർട്ട്. യു.എസ്. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് (JCS) ചെയർമാൻ ജനറൽ ഡാൻ കെയ്ൻ ആണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് അടച്ചിട്ട മുറിയിൽ ചർച്ചകൾ നടത്തിയത്.
വ്യോമാക്രമണങ്ങൾ കൊണ്ടുമാത്രം ഇറാനെ കീഴ്പ്പെടുത്താനോ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിക്കാനോ കഴിയില്ലെന്നും സംഘർഷം കൂടുതൽ വ്യാപിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നുമാണ് യു.എസ്. സൈന്യത്തിന്റെ വിലയിരുത്തൽ.
വ്യോമാക്രമണങ്ങളുടെ പരിമിതി: വ്യോമസേനയ്ക്ക് അതിന്റേതായ പരിമിതികളുണ്ടെന്നും അനാവശ്യമായി യുദ്ധം വദ്ധിപ്പിക്കുന്നത് അമേരിക്കൻ സൈന്യത്തിന് തന്നെ വൻ നഷ്ടമുണ്ടാക്കുമെന്നും ജനറൽ ഡാൻ കെയ്ൻ മുന്നറിയിപ്പ് നൽകി.
ആയുധശേഖരത്തിലെ വൻ കുറവ്: മുൻപ് നടന്ന പല സൈനിക നീക്കങ്ങളും കാരണം പേട്രിയറ്റ് മിസൈലുകൾ ഉൾപ്പെടെയുള്ള അമേരിക്കയുടെ അത്യാധുനിക ആയുധശേഖരത്തിൽ കടുത്ത ക്ഷാമം (Depletion of Ammunition) നേരിടുന്നുണ്ട്. ഇത് കൂടുതൽ പ്രത്യാക്രമണങ്ങൾ നടത്തുന്നതിന് തടസ്സമാകുന്നു.
കരയുദ്ധത്തോടുള്ള വിമുഖത: ഇറാനിലേക്ക് നേരിട്ട് കരസേനയെ അയച്ച് യുദ്ധം ചെയ്യാൻ ട്രംപ് ഭരണകൂടത്തിന് താല്പര്യമില്ല. കരയുദ്ധം ഉണ്ടായാൽ ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ ജീവൻ അപകടത്തിലാകുമെന്ന് മുൻപ് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഉന്നതതല ചർച്ചകൾ: വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് എന്നിവരുമായി ജനറൽ കെയ്ൻ വിഷയം ചർച്ച ചെയ്തിട്ടുണ്ട്.
വരും ദിവസങ്ങളിൽ യുദ്ധത്തിന്റെ വ്യാപ്തി കുറച്ചുകൊണ്ട് നയതന്ത്രപരമായോ മറ്റ് ബദൽ മാർഗ്ഗങ്ങളിലൂടെയോ ഈ സംഘർഷത്തിൽ നിന്ന് പിന്മാറാനുള്ള തന്ത്രങ്ങളാകും അമേരിക്ക സ്വീകരിക്കുക.
