അമേരിക്കൻ മരുഭൂമിയിലെ 'വിമാന ശവപ്പറമ്പ്'; മൂവായിരത്തിലധികം യുദ്ധവിമാനങ്ങൾ ഒളിപ്പിച്ചുവെച്ചതിന് പിന്നിലെ രഹസ്യമെന്ത്?
വാഷിംഗ്ടൺ: ഒറ്റനോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട വിമാനങ്ങൾ കുന്നുകൂട്ടിയിട്ടിരിക്കുന്ന ഒരു 'വിമാന ശവപ്പറമ്പ്' (Aircraft Boneyard) എന്ന് തോന്നാമെങ്കിലും അമേരിക്കയിലെ അരിസോണ മരുഭൂമിയിൽ മൂവായിരത്തിലധികം യുദ്ധവിമാനങ്ങൾ സൂക്ഷിച്ചിരിക്കുന്നതിന് പിന്നിൽ യുഎസ് സൈന്യത്തിന്റെ വലിയൊരു യുദ്ധതന്ത്രമുണ്ടെന്ന് റിപ്പോർട്ടുകൾ. അരിസോണയിലെ ട്യൂസണിലുള്ള 'ഡേവിസ്-മോന്തൻ' എയർഫോഴ്സ് ബേസിലാണ് (AMARG) ലോകത്തെ ഞെട്ടിക്കുന്ന ഈ വിമാന ശേഖരമുള്ളത്.
ബാഹ്യമായി ഇവ ഉപയോഗശൂന്യമാണെന്ന് തോന്നുമെങ്കിലും, യുഎസ് സൈന്യത്തിന്റെ സുപ്രധാനമായ ഒരു കരുതൽ ശേഖരമാണിത്. അടിയന്തിര ഘട്ടങ്ങളിൽ ഈ വിമാനങ്ങളിൽ പലതും അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും യുദ്ധമുഖത്തേക്ക് എത്തിക്കാൻ സാധിക്കും. കൂടാതെ, നിലവിൽ സർവീസിലുള്ള അത്യാധുനിക വിമാനങ്ങൾക്ക് ആവശ്യമായി വരുന്ന വിലയേറിയ സ്പെയർ പാർട്സുകൾ, എഞ്ചിനുകൾ എന്നിവ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരു 'വിമാന ബാങ്ക്' ആയും ഈ കേന്ദ്രം പ്രവർത്തിക്കുന്നു.
മരുഭൂമിയിലെ കുറഞ്ഞ ഈർപ്പവും വരണ്ട കാലാവസ്ഥയും വിമാനങ്ങളുടെ ലോഹഭാഗങ്ങൾ തുരുമ്പെടുക്കാതെ വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്നു. അമേരിക്കൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം കോടിക്കണക്കിന് ഡോളറിന്റെ ലാഭമാണ് ഈ തന്ത്രപരമായ നീക്കത്തിലൂടെ യുഎസ് ലക്ഷ്യമിടുന്നത്.
