ട്രംപിനെയും ബിബിയെയും വധിക്കുക; ടെഹ്‌റാനിൽ കനത്ത പ്രതിഷേധം: ഇറാൻ യുദ്ധത്തിനിടെ യുഎഇയ്ക്ക് അയൺ ഡോം നൽകിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു
ടെഹ്‌റാൻ/ടെൽ അവീവ്: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധപ്രതീതിയും നയതന്ത്ര നീക്കങ്ങളും ശക്തമാകുന്നു. ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്കിടെ ടെഹ്‌റാൻ തെരുവുകളിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും എതിരെ വധഭീഷണി മുഴക്കി ആയിരങ്ങൾ രംഗത്തെത്തി. "കൊല്ലൂ ട്രംപിനെ, കൊല്ലൂ ബിബിയെ" (Kill Trump, Kill Bibi) എന്ന മുദ്രാവാക്യങ്ങളുമായി ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് ഇറാൻ അനുകൂലികൾ മാർച്ചുകൾ നടത്തിയത്.
അതേസമയം, മേഖലയെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു നിർണായക വെളിപ്പെടുത്തൽ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുകയാണ്. ഇറാനുമായുള്ള യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ യുഎഇയെ സംരക്ഷിക്കുന്നതിനായി ഇസ്രായേൽ തങ്ങളുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ 'അയൺ ഡോം' യുഎഇയിലേക്ക് അയച്ചിരുന്നുവെന്ന് ഇസ്രായേൽ ഗതാഗത മന്ത്രി മിരി റെഗേവ് സ്ഥിരീകരിച്ചു.
ഇറാൻ തൊടുത്തുവിട്ട നൂറുകണക്കിന് ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും ഡ്രോണുകളെയും നേരിടാൻ യുഎഇയെ സഹായിച്ചത് ഇസ്രായേലിന്റെ ഈ വ്യോമപ്രതിരോധ സംവിധാനമാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് അയൺ ഡോം ബാറ്ററികളും ഇസ്രായേൽ സൈനികരെയും യുഎഇയിലേക്ക് രഹസ്യമായി അയക്കാൻ തീരുമാനിച്ചതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേലിന് പുറത്ത് മറ്റൊരു അറബ് രാജ്യത്തിന്റെ സുരക്ഷയ്ക്കായി അയൺ ഡോം ഔദ്യോഗികമായി ഉപയോഗിക്കുന്നത് ഇതാദ്യമായാണ്. ഇതോടെ ഇസ്രായേലും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം പുതിയ തലത്തിലേക്ക് ഉയർന്നതായാണ് വിലയിരുത്തലുകൾ.
