പാകിസ്താനിൽ ചാവേറാക്രമണം; എട്ട് മരണം

പാകിസ്താനിൽ ചാവേറാക്രമണം; എട്ട് മരണം
ഇസ്‌ലാമാബാദ്: പാകിസ്താനിൽ ചാവേറാക്രമണത്തിൽ (Pakistan Suicide Bombing) എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്‌വ പ്രവിശ്യയിലെ മിർ അലി പട്ടണത്തിലാണ് ആക്രമണം നടന്നതെന്നാണ് വിവരം. പ്രദേശത്ത് നിർത്തിയിട്ടിരുന്ന മോട്ടോ‍ർസൈക്കിൾ റിക്ഷയുടെ പിന്നിൽ നിന്ന് ചാവേർ പൊട്ടിത്തെറിച്ചുവെന്നാണ് എഎഫ്പി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ആക്രമണത്തിൽ നാല് പോലീസ് ഉദ്യോ​ഗസ്ഥരും രണ്ട് അർധസൈനിക വിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥരും ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് അസ്വാദ് ഉൾ ഹർബ് എന്ന തീവ്രവാദസംഘടന രം​ഗത്തെത്തിയിട്ടുണ്ട്. അഫ്​ഗാന്റെ അതിർത്തി പ്രദേശത്തായിരുന്നു ആക്രമണം. 2021-ൽ താലിബാൻ അധികാരത്തിലേറിയതിന് ശേഷം പാകിസ്ഥാനിൽ തീവ്രവാദം വർധിച്ചതായാണ് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. ശത്രുതാമനോഭാവമുള്ള സംഘങ്ങൾ പാകിസ്താനിൽ അഭയം പ്രാപിക്കുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. 2014-നു ശേഷം ഏറ്റവുമധികം ചാവേർ ആക്രമണങ്ങൾ പാകിസ്താനിൽ റിപ്പോർട്ട് ചെയ്ത വർഷമായിരുന്നു 2023. 29 ചാവേർ ആക്രമണങ്ങളിൽ നിന്നായി 329 പേർ 2023-ൽ മാത്രം പാകിസ്താനിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

Tags

Share this story