മ്യാൻമറിൽ വൻ സ്ഫോടനം: കുട്ടികളടക്കം 55 പേർ കൊല്ലപ്പെട്ടു: നിരവധി പേർക്ക് പരിക്ക്

World

നേപ്യിഡോ: വടക്കൻ മ്യാൻമറിലെ ഒരു ഗ്രാമത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ കുട്ടികളടക്കം 55 ഓളം പേർ കൊല്ലപ്പെട്ടു. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള ഷാൻ സംസ്ഥാനത്തെ കൗങ് ടാറ്റ് (Kaung Tat) എന്ന ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ 25 സ്ത്രീകളും 30 പുരുഷന്മാരും ഉൾപ്പെടുന്നു. അപകടത്തിൽ എഴുപതിലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

​പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ഗ്രാമത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്. ഖനന ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. സ്ഫോടനത്തിന്റെ തീവ്രതയിൽ പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു.

​ആദ്യം ഇതൊരു വ്യോമാക്രമണമാണെന്ന് കരുതി നാട്ടുകാർ പരിഭ്രാന്തരായെങ്കിലും പിന്നീട് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ച കെട്ടിടത്തിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ വിമത ഗ്രൂപ്പായ തആങ് നാഷണൽ ലിബറേഷൻ ആർമിയുടെ (TNLA) നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും ഇരകളായ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ഭീതി.

Tags

Share this story