റിയാദിലെ യുഎസ് എംബസി ആക്രമണം; മറുപടി ഉടനുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ്
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിവസവും അയവില്ലാതെ തുടരുന്നു. റിയാദിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ യുഎസ് എംബസിക്ക് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. പിന്നാലെ റിയാദിലെ നയതന്ത്ര മേഖലയിൽ രണ്ട് സ്‌ഫോടനങ്ങൾ കൂടി നടന്നതായി റിപ്പോർട്ടുകളുണ്ട്
നയതന്ത്ര മേഖലയിലെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകൾ സൗദി വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടു. റിയാദിലെ ആക്രമണത്തിന് ഉടൻ മറുപടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിൽ ആറ് യുഎസ് സൈനികർ മരിച്ചതായി പെന്റഗൺ സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്
ജിദ്ദ, റിയാദ്, ദഹ്‌റാൻ എന്നിവിടങ്ങളിലുള്ള അമേരിക്കൻ പൗരൻമാരോട് ഉടൻ തന്നെ തിരികെ എത്താൻ അമേരിക്ക നിർദേശം നൽകിയിട്ടുണ്ട്. സൈനിക സ്ഥാപനങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പരിമിതപ്പെടുത്തുകയും പ്രാദേശിക സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്യണമെന്നും യുഎസ് പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
