അനധികൃത പാതയിലൂടെ എണ്ണക്കപ്പലുകൾ അയച്ചാൽ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം; മുന്നറിയിപ്പുമായി ഐആർജിസി
ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ നിരോധിത പാതകളിലൂടെ അമേരിക്കൻ പിന്തുണയോടെ എണ്ണക്കപ്പലുകൾ (ഓയിൽ ടാങ്കറുകൾ) സർവീസ് തുടർന്നാൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് തിരിച്ചടി നടത്തുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകി.
ഹോർമൂസ് കടലിടുക്ക് വഴിയുള്ള അനധികൃത റൂട്ടുകളിലൂടെ നാവിഗേഷൻ സംവിധാനങ്ങൾ ഓഫാക്കി കടന്നുപോകാൻ ശ്രമിച്ച ഒന്നിലധികം സൂപ്പർ ടാങ്കറുകൾക്ക് നേരെ അടുത്തിടെ തടസ്സങ്ങളും ആക്രമണങ്ങളും നേരിട്ടിരുന്നു. അന്താരാഷ്ട്ര വിലക്കുകളും ഇറാന്റെ മുന്നറിയിപ്പുകളും അവഗണിച്ച് കപ്പലുകൾ അപകടകരമായ പാതയിലേക്ക് തിരിച്ചുവിട്ടത് അമേരിക്കയാണെന്നാണ് ഐആർജിസിയുടെ ആരോപണം.
ഇത്തരം നീക്കങ്ങൾ മേഖലയിലെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുമെന്നും, യുഎസ് തങ്ങളുടെ കപ്പൽ ഗതാഗത ഇടപെടലുകൾ നിർത്തിവച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ സൈനിക തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ കടുത്ത ഭാഷയിൽ വ്യക്തമാക്കി.
