ഓറഞ്ച് തലമുടിയുള്ള മണ്ടൻ കാരണം; വില വർധനവിന്റെ കാരണം അറിയിച്ച് ഹോട്ടലിലെ നോട്ടീസ്, ലക്ഷ്യമിട്ടത് ട്രംപിനെയോ?

notice

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതക പ്രതിസന്ധി രാജ്യത്ത് ഉടലെടുത്തതോടെ പല ഹോട്ടലുകളും പൂട്ടിയ നിലയിലാണ്. തുറന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകളിലാകട്ടെ ഭക്ഷണത്തിന് വില വർധിപ്പിക്കുകയും ചെയ്തു. ഇങ്ങനെ വില വർധിച്ചതായി കാണിച്ച് പൂനെയിലെ ഒരു ഹോട്ടലിൽ പതിച്ചിരിക്കുന്ന നോട്ടീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നോട്ടീസിൽ വില വർധനവിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്ന സംഭവമാണ് കൗതുകമുണർത്തുന്നത്

ഓറഞ്ച് നിറത്തിലുള്ള മുടിയുള്ള ഒരു മണ്ടൻ തുടങ്ങിയ യുദ്ധം കാരണം ക്രൂഡ് ഓയിൽ വില വർധിച്ചിരിക്കുന്നു. ഇതിന്റെ ഫലമായി എൽപിജി, പ്ലാസ്റ്റിക് എന്നിവക്ക് വില കൂടി. അതിനാൽ മാർച്ച് 21 മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും. ദയവായി സഹകരിക്കുക, അല്ലെങ്കിൽ ആ യുദ്ധം നിർത്താൻ സഹായിക്കുക. ഇതാണ് നോട്ടീസിലെ വാചകങ്ങൾ.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും അദ്ദേഹത്തെ ലക്ഷ്യമിട്ടുള്ള പരിഹാസമാണിതെന്ന് സോഷ്യൽ മീഡിയ പറയുന്നു. ആഗോള സംഭവങ്ങൾ സാധാരണ ജനങ്ങളെ പോലും എങ്ങനെ ബാധിക്കുന്നുവെന്ന് വളരെ രസകരമായ തരത്തിൽ അവതരിപ്പിച്ച ഹോട്ടലുടമയെ നിരവധി പേർ പ്രശംസിക്കുന്നുണ്ട്.
 

Tags

Share this story