ഇസ്രയേലിൽ കാണാതായ കർഷകൻ ബിജു കുര്യൻ തിരിച്ചെത്തും

Missing

ഇസ്രായേൽ: കേരളത്തിൽ നിന്നും ഇസ്രയേലിലേക്കു പോയ കർഷകരുടെ സംഘത്തിൽ നിന്നും കാണാതായ ബിജു കുര്യൻ തിരിച്ചെത്തും. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ ഫെബ്രുവരി പതിനേഴിനാണു ഇസ്രയേലിൽ കാണാതായത്. ടെൽ അവീവിൽ നിന്നും ബിജു നാട്ടിലേക്കു തിരിക്കുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആധുനിക കൃഷിരീതികൾ പഠിക്കാൻ ഇസ്രായേലിലേക്കു പോയ കർഷകരുടെ സംഘത്തിലുള്ള ബിജു കുര്യനെ കാണാതായതു വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണു കർഷകരുടെ സംഘത്തിൽ നിന്നും മുങ്ങിയതെന്നാണു ബിജു കുര്യൻ നൽകുന്ന വിശദീകരണം. താൻ സുരക്ഷിതാണെന്ന് അറിയിച്ച് ഇദ്ദേഹം കുടുംബാംഗങ്ങൾക്കു നേരത്തെ സന്ദേശവും അയച്ചിരുന്നു. ബിജു മനപൂർവം മുങ്ങിയതാണെന്ന തരത്തിൽ കൃഷിമന്ത്രിയും പ്രതികരിച്ചിരുന്നു.

ഇത്തരമൊരു സംഭവത്തിൽ സർക്കാരിനോടും മന്ത്രിയോടും ബിജു കുര്യൻ മാപ്പ് ചോദിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. കേരളത്തിൽ നിന്നുള്ള കർഷകരുടെ സംഘം നേരത്തെ നാട്ടിൽ മടങ്ങിയെത്തിയിരുന്നു. ഇസ്രായേലിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ബിജുവിനെ തിരികെയെത്തിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊണ്ടിരുന്നു.

Share this story