വിയറ്റ്‌നാം ബോട്ട് അപകടം; ക്യാപ്റ്റൻ അറസ്റ്റിൽ: ജീവനക്കാരുടെ അശ്രദ്ധയെന്ന് പോലീസ്

വിയറ്റ്നാം

ഹനോയ്: വിയറ്റ്‌നാമിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് ബോട്ട് ക്യാപ്റ്റനെ പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നും വിയറ്റ്‌നാം പോലീസ് വ്യക്തമാക്കി. വിയറ്റ്‌നാമിലെ അൻ ജിയാങ് പ്രവിശ്യാ പോലീസാണ് 57-കാരനായ ക്യാപ്റ്റൻ എൻഗുയെൻ ഹോങ് ഹായിയെ അറസ്റ്റ് ചെയ്തത്. ജലഗതാഗത സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് ഇയാൾക്കെതിരെ ക്രിമിനൽ കേസെടുത്തിരിക്കുന്നത്.

​ശനിയാഴ്ച ഉച്ചയോടെ തെക്കൻ വിയറ്റ്‌നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമുള്ള ഹോൺ മേ റൂട്ട് എൻഗോയ് ദ്വീപിന് അടുത്തുവെച്ചാണ് അപകടമുണ്ടായത്. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് വിയറ്റ്‌നാം ജീവനക്കാരുമടങ്ങുന്ന സ്പീഡ് ബോട്ട് തീരത്തുനിന്ന് പുറപ്പെട്ട് അരക്കിലോമീറ്ററോളം പിന്നിട്ടപ്പോഴേക്കും ശക്തമായ തിരമാലകളിൽപ്പെട്ട് മറിയുകയായിരുന്നു. അപകടസമയത്ത് പല യാത്രക്കാരും ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

​അപകടത്തിൽപ്പെട്ട 16 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി നാട്ടിലേക്ക് മടക്കിയയച്ചു. ഗുരുതരാവസ്ഥയിലുള്ള ഒരാൾ ഇപ്പോഴും ഫു ക്വോക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മരണപ്പെട്ട 15 ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ ഔദ്യോഗിക നടപടികൾക്ക് ശേഷം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ലാവ ഇന്റർനാഷണൽ കമ്പനിയിലെ ജീവനക്കാരും വിതരണക്കാരുമാണ് അപകടത്തിൽപ്പെട്ട വിനോദസഞ്ചാരികൾ. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ വിയറ്റ്‌നാം പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

Tags

Share this story