ഹംഗറിയിൽ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; 12 പോളിഷ് പൗരന്മാർ മരിച്ചു: നിരവധി പേർക്ക് പരിക്ക്
ബുഡാപെസ്റ്റ്: ഹംഗറിയിൽ പോളണ്ടിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 12 പേർ മരിച്ചു. അപകടത്തിൽ 10 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 37-ഓളം പേർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കിഴക്കൻ ഹംഗറിയിലെ മെസോകെറെഷ്തെസ് (Mezőkeresztes) നഗരത്തിന് സമീപം എം3 (M3) മോട്ടോർവേയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ബോസ്‌നിയ-ഹെർസഗോവിനയിലെ തീർഥാടനം പൂർത്തിയാക്കി പോളണ്ടിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
നേരെയുള്ള റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് പതിച്ച് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഹംഗേറിയൻ പോലീസ് അറിയിച്ചു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
57 യാത്രക്കാരും രണ്ട് ഡ്രൈവർമാരുമാണ് ബസിലുണ്ടായിരുന്നത്. പോളണ്ടിന്റെ തെക്കുകിഴക്കൻ മേഖലയിൽ നിന്നുള്ളവരാണ് യാത്രക്കാരേറെയും. അപകടത്തിൽപ്പെട്ടവരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ദുരന്തത്തിൽ പോളിഷ്, ഹംഗേറിയൻ ഭരണാധികാരികൾ കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
