ലിസ്ബണിലെ കേബിൾ കാർ അപകടം; 15 പേർ മരിച്ചു: 18 പേർക്ക് പരിക്ക്

പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ ചരിത്രപ്രസിദ്ധമായ ഗ്ലോറിയ ഫ്യൂണിക്കുലർ റെയിൽവേയിൽ (Gloria Funicular) ഉണ്ടായ അപകടത്തിൽ 15 പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച വൈകുന്നേരം പ്രാദേശിക സമയം ആറു മണിയോടെയാണ് അപകടം നടന്നത്.
ലിസ്ബണിലെ ചരിത്രപരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് 1885-ൽ സ്ഥാപിച്ച ഈ ഫ്യൂണിക്കുലർ. കുത്തനെയുള്ള ചരിവുകളിലൂടെ സഞ്ചാരികളെ മുകളിലേക്കും താഴേക്കും കൊണ്ടുപോകുന്ന ഈ കേബിൾ കാർ നഗരത്തിന്റെ ഒരു പ്രതീകം കൂടിയാണ്. പാളം തെറ്റിയ കാർ ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. അപകടകാരണം വ്യക്തമല്ല. ഒരു കേബിൾ അയഞ്ഞതാണ് അപകടത്തിന് കാരണമെന്ന് ലിസ്ബൺ ഫയർഫോഴ്‌സ് അറിയിച്ചിട്ടുണ്ട്.
മരിച്ചവരിൽ വിദേശികളും ഉൾപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇവരുടെ ദേശീയത സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പോർച്ചുഗീസ് സർക്കാർ വ്യാഴാഴ്ച ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.