ചാർളി കിർക്ക് വെടിവെപ്പ്; പ്രതി പിടിയിലായെന്ന് പ്രസിഡന്റ് ട്രംപ്: കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

വാഷിംഗ്ടൺ ഡി.സി.: യാഥാസ്ഥിതിക രാഷ്ട്രീയ പ്രവർത്തകനായ ചാർളി കിർക്കിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടിയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ വിവരം വെളിപ്പെടുത്തിയത്. എന്നാൽ, ഈ വാർത്ത എഫ്ബിഐയോ മറ്റ് അന്വേഷണ ഏജൻസികളോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രതിയെ "വളരെ അടുപ്പമുള്ള ഒരാൾ" അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നാണ് ട്രംപ് അഭിമുഖത്തിൽ പറഞ്ഞത്. പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊലപാതകത്തിന് പിന്നാലെ ട്രംപ് കിർക്കിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയും, കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് കിർക്കിന് വെടിയേറ്റത്. തുടർന്ന് പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ട്രംപിന്റെ പ്രസ്താവന സ്ഥിരീകരിക്കാൻ എഫ്ബിഐ ഇതുവരെ തയ്യാറായിട്ടില്ല. എങ്കിലും, ആയിരക്കണക്കിന് വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു. പ്രസിഡന്റിന്റെ പ്രസ്താവനയോടെ കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.