എഐ വികസനത്തിന് നിയന്ത്രണം വേണമെന്ന ആന്ത്രോപിക് സിഇഒയുടെ ആഹ്വാനം തള്ളി ചൈന

ചൈന

ബീജിംഗ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വികസനവേഗത കുറയ്ക്കണമെന്നും ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നുമുള്ള അമേരിക്കൻ എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ (Anthropic) സിഇഒ ഡാരിയോ അമോഡെയുടെ (Dario Amodei) നിർദേശം തള്ളി ചൈന.

​ചൈന എഐ സാങ്കേതികവിദ്യയിൽ മുന്നിലെത്തുന്നത് അമേരിക്കയ്ക്കും ലോകത്തിനും വലിയ ഭീഷണിയാണെന്നും, അതിനാൽ വിപുലമായ പ്രോസസറുകൾ ചൈനയ്ക്ക് നൽകുന്നത് തടയണമെന്നുമാണ് അമോഡെ ശനിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കിയത്.

​എന്നാൽ, അമോഡെയുടെ വാദങ്ങൾ അടിസ്ഥാനരഹിതവും ശത്രുതാപരവുമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ മറുപടി നൽകി. ഭയം സൃഷ്ടിക്കുന്നതും പരസ്പര ഏറ്റുമുട്ടലുകളും ആഗോള എഐ ഭരണനടപടികളെ തടസ്സപ്പെടുത്തുക മാത്രമേയുള്ളൂവെന്നും ഇത് ആരുടെയും താല്പര്യങ്ങൾക്ക് ചേർന്നതല്ലെന്നും ചൈന വ്യക്തമാക്കി.

​ചൈനയുടെ ഔദ്യോഗിക മാധ്യമമായ 'ഗ്ലോബൽ ടൈംസ്' അമോഡെയുടെ ലേഖനത്തെ എഐ മേഖലയിലെ "ശീതയുദ്ധ തന്ത്രം" (Cold War Playbook) എന്ന് വിശേഷിപ്പിച്ചു. അമേരിക്ക വിപണിയിൽ എഐ കുത്തക സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം കുറ്റപ്പെടുത്തി.

​അതേസമയം, എഐ മേഖലയിലെ അമേരിക്കയുടെ മുന്നേറ്റം തുടരുമെന്നും എഐ മത്സരത്തിൽ വിജയിക്കുന്നവരായിരിക്കും ലോകം ഭരിക്കുകയെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. വരും ദിവസങ്ങളിൽ നടക്കുന്ന ട്രംപ്-ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ എഐ നിയന്ത്രണങ്ങൾ പ്രധാന ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags

Share this story