നിർബന്ധിത സൈനിക സേവനം: മ്യാൻമറിൽ വിമതർക്ക് തിരിച്ചടി: സൈന്യം കരുത്താർജിക്കുന്നു

Mynmar

നയ്പിഡോ: മ്യാൻമറിൽ ജനങ്ങളെ നിർബന്ധിതമായി സൈന്യത്തിൽ ചേർക്കുന്ന ഭരണകൂടത്തിന്റെ പുതിയ തന്ത്രം ആഭ്യന്തരയുദ്ധത്തിന്റെ ഗതി മാറ്റുന്നതായി റിപ്പോർട്ടുകൾ. ജനസംഖ്യയിലെ വലിയൊരു വിഭാഗം യുവാക്കളെ ബലമായി സൈന്യത്തിന്റെ ഭാഗമാക്കിയതോടെ, മുൻപ് വൻ മുന്നേറ്റം നടത്തിയ വിമത ഗ്രൂപ്പുകൾക്ക് പലയിടങ്ങളിലും പിൻവാങ്ങേണ്ടി വരുന്നു.

​2024-ൽ പ്രാബല്യത്തിൽ വന്ന നിർബന്ധിത സൈനിക സേവന നിയമം (Conscription Law) വഴി ഇതുവരെ ഒരു ലക്ഷത്തിലധികം പേരെയാണ് മ്യാൻമർ സൈന്യം തങ്ങളുടെ ഭാഗമാക്കിയത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ തെരുവുകളിൽ നിന്നും ബസുകളിൽ നിന്നും യുവാക്കളെ ബലമായി പിടിച്ചുകൊണ്ടുപോയാണ് ഭരണകൂടം തങ്ങളുടെ സൈനികബലം വർദ്ധിപ്പിക്കുന്നത്.

​തുടർച്ചയായ സൈനിക നഷ്ടങ്ങൾ നേരിട്ടിരുന്ന ഭരണകൂടത്തിന് ഈ പുതിയ നീക്കം വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. പുതിയ സൈനികരെ മുൻനിര പോരാട്ടങ്ങളിലേക്ക് നിയോഗിക്കുന്നതിലൂടെ മുൻപ് വിമതർ പിടിച്ചെടുത്ത പല പ്രദേശങ്ങളും തിരിച്ചുപിടിക്കാൻ സൈന്യത്തിന് സാധിക്കുന്നുണ്ട്.

​അതേസമയം, വൻ ആയുധക്ഷാമവും ആവശ്യത്തിന് പോരാളികളില്ലാത്തതും വിമത സേനയായ 'പീപ്പിൾസ് ഡിഫൻസ് ഫോഴ്സിന്' (PDF) വലിയ വെല്ലുവിളിയാവുകയാണ്. റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ വ്യോമാക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും ശക്തമാക്കിയ സൈന്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ തങ്ങൾക്ക് കൂടുതൽ ആയുധങ്ങളും ഫണ്ടിംഗും ആവശ്യമാണെന്ന് വിമത നേതാക്കൾ വ്യക്തമാക്കുന്നു. നിർബന്ധിതമായി സൈന്യത്തിൽ ചേർക്കപ്പെടുന്നവരിൽ പലരും പിന്നീട് വിമതപക്ഷത്തേക്ക് കൂറുമാറുന്നുണ്ടെങ്കിലും, സൈന്യത്തിന്റെ വൻതോതിലുള്ള റിക്രൂട്ട്‌മെന്റ് യുദ്ധക്കളത്തിൽ നിലവിൽ മ്യാൻമർ ഭരണകൂടത്തിന് അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.

Tags

Share this story