വൻ ഭൂരിപക്ഷത്തിൽ തുടർ വിജയം; നോർവേയിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക്

നോർവേ പൊതുതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് വീണ്ടും ജയം. പ്രധാനമന്ത്രി ജോനാസ് ഗഹർ സ്‌റ്റോറിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യം 169 സീറ്റുകളിൽ 87 സീറ്റുകളിൽ ഭൂരിപക്ഷം നേടി. വലതുപക്ഷ കൂട്ടായ്മക്ക് 82 സീറ്റുകളാണ് ലഭിച്ചത്. വോട്ടെണ്ണൽ 99 ശതമാനവും പിന്നിട്ടതോടെ ജോനാസ് വിജയം സ്ഥിരീകരിച്ച് ജനങ്ങളെ അഭിസംബോധന ചെയ്തു
ആഭ്യന്തര വിഷയങ്ങളും യുഎസിന്റെ പുതിയ സാമ്പത്തിക നയവും യുക്രൈൻ യുദ്ധവുമാണ് തെരഞ്ഞെടുപ്പിനിടെ നടന്ന പ്രധാന ചർച്ചകൾ. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പ്രോഗ്രസ് പാർട്ടിക്ക് യുവാക്കൾക്കിടയിൽ പിന്തുണ നേടാനായി. 24 ശതമാനം വോട്ടാണ് പ്രോഗ്രസ് പാർട്ടിക്ക് ലഭിച്ചത്. ഇതോടെ മുഖ്യപ്രതിപക്ഷമാകാനും ഇവർക്ക് സാധിച്ചു
മുൻ പ്രധാനമന്ത്രി എർന സോൾബർഗിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. 14.6 ശതമാനം വോട്ടാണ് ഇവർക്ക് നേടാനായത്. യൂറോപ്യൻ യൂണിയനിൽ അംഗത്വമില്ലാത്ത രാജ്യമാണ് നോർവേ. റഷ്യയുമായി അതിർത്തി പങ്കിടുന്ന നാറ്റോ അംഗത്വമുള്ള വികസിത രാജ്യമാണിത്