​'നിയന്ത്രണങ്ങൾ, ഭീഷണികൾ, വികൃതമാക്കുന്ന ശസ്ത്രക്രിയകൾ'; ജെഫ്രി എപ്‌സ്റ്റീന്റെ 'ക്രൂരമായ സാമ്രാജ്യത്തിലെ' ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് ഇരകൾ

എംസ്റ്റീൻ

ന്യൂയോർക്ക്: ലൈംഗിക അതിക്രമക്കേസുകളിൽ പ്രതിയായിരിക്കെ 2019-ൽ ജയിലിൽ മരിച്ച യുഎസ് ശതകോടീശ്വരൻ ജഫ്രി എപ്സ്റ്റീന്റെ ക്രൂരതകളെക്കുറിച്ചും അയാൾ തങ്ങളെ എങ്ങനെയാണ് മാനസികമായി തളർത്തി അടിമകളാക്കി വെച്ചിരുന്നതെന്നും വെളിപ്പെടുത്തി മുൻ ഇരയായ അന്യ (പേര് യഥാർത്ഥമല്ല). ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അന്യ താൻ അനുഭവിച്ച നരകയാതനകൾ തുറന്നുപറഞ്ഞത്.

​തങ്ങളെ പൂട്ടിയിടുകയോ ചങ്ങലയ്ക്ക് ഇടുകയോ ചെയ്തിരുന്നില്ലെന്നും, എന്നാൽ അതിനേക്കാൾ ശക്തമായ മാനസികമായ ചങ്ങലകളാൽ എപ്സ്റ്റീൻ തങ്ങളുടെ സ്വാതന്ത്ര്യം കവർന്നിരുന്നതായും അന്യ പറയുന്നു. ഒരു കൾട്ട് (Cult) പോലെയായിരുന്നു എപ്സ്റ്റീന്റെ സാമ്രാജ്യം. താനായിരുന്നു അതിന്റെ നേതാവെന്ന് അയാൾ സ്വയം വിശേഷിപ്പിച്ചിരുന്നതായും അവർ വെളിപ്പെടുത്തി.

​തൊഴിൽ വാഗ്ദാനം ചെയ്തും വ്യാജമായ ഉറപ്പുകൾ നൽകിയുമാണ് റഷ്യ ഉൾപ്പെടെയുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളെ ഇയാൾ വലയിലാക്കിയിരുന്നത്. തുടർന്ന് ഇവരുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുകയും, മറ്റുള്ളവരുമായുള്ള സമ്പർക്കം വിലക്കുകയും ചെയ്തുകൊണ്ട് ഇവരുടെ ആത്മവിശ്വാസം പൂർണ്ണമായും തകർക്കുകയായിരുന്നു എപ്സ്റ്റീന്റെ രീതി.

​തന്റെ ശരീരത്തെ എപ്സ്റ്റീൻ സദാസമയവും നിരീക്ഷിച്ചിരുന്നതായും, ഒടുവിൽ തന്നെ നിർബന്ധിച്ച് ആവശ്യമില്ലാത്തതും വൈരൂപ്യം വരുത്തുന്നതുമായ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതായും അന്യ വെളിപ്പെടുത്തി. എപ്സ്റ്റീന്റെ മറ്റൊരു മുൻ അസിസ്റ്റന്റായ സാറാ കെല്ലനും സമാനമായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിട്ടുണ്ട്. സ്വയം ഒരു രക്ഷകനായി ചമഞ്ഞ് ഇരകളുടെ സ്വയംഭരണാധികാരവും തീരുമാനമെടുക്കാനുള്ള ശേഷിയും എപ്സ്റ്റീൻ നശിപ്പിച്ചിരുന്നതായി സാറാ പറഞ്ഞു.

​പ്രായപൂർത്തിയായവരെപ്പോലും ഇത്തരത്തിൽ കൃത്യമായ ആസൂത്രണത്തിലൂടെ മാനസികമായി അടിമപ്പെടുത്താൻ (Grooming) സാധിക്കുമെന്ന് മനശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. 2008-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷമാണ് എപ്സ്റ്റീൻ മുതിർന്ന സ്ത്രീകളെ ലക്ഷ്യമിടാൻ തുടങ്ങിയത്. എന്നാൽ അപ്പോഴും കൗമാരക്കാരുടെ സാദൃശ്യമുള്ള സ്ത്രീകളെയായിരുന്നു ഇയാൾ തിരഞ്ഞെടുത്തിരുന്നതെന്നും അന്യ വ്യക്തമാക്കുന്നു.

Tags

Share this story