റഷ്യയെ സഹായിക്കുന്ന രാജ്യങ്ങളെ ശിക്ഷിക്കും; ഇന്ത്യയ്ക്കുൾപ്പെടെ 500 ശതമാനം താരിഫ് ഏർപ്പെടുത്താനൊരുങ്ങി ട്രംപ്
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ കഴുത്തറപ്പൻ താരിഫുകൾ ചുമത്താൻ അനുമതി നൽകുന്ന ബില്ലിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പച്ചക്കൊടി കാട്ടിയതായി റിപ്പോർട്ട്. റഷ്യ സാങ്ഷൻസ് ബില്ലിന് ട്രംപ് അനുമതി നൽകിയെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ആയ ലിൻഡ്സി ഗ്രഹാം ആണ് വെളിപ്പെടുത്തിയത്. ഉപരോധങ്ങൾ വകവെക്കാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500 ശതമാനം വരെ താരിഫ് നിർദേശിക്കുന്നതാണ് ബിൽ എന്നും റിപ്പോർട്ടുകളുണ്ട്.
റിപ്പബ്ലിക്കൻ സെനേറ്റർ ആയ ലിൻഡ്സി ഗ്രഹാം ആണ് ബില്ലിന് ട്രംപിന്റെ അനുമതി ലഭിച്ചതായി വെളിപ്പെടുത്തിയത്. പ്രസിഡന്റ് ട്രംപുമായി വിവിധ വിഷയങ്ങളിൽ നടന്ന വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, റഷ്യൻ ഉപരോധ ബില്ലിന് അദ്ദേഹം പച്ചക്കൊടി കാണിച്ചു. സമാധാനത്തിനായി യുക്രെയ്ൻ വിട്ടുവീഴ്ചകൾ ചെയ്യുന്നതിനാലും പുടിൻ നിരപരാധികളെ കൊല്ലുന്നത് തുടരുന്നതിനാലും ഈ ബിൽ സമയബന്ധിതമായിരിക്കും.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങി, യുക്രെയ്‌നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങളെ ശിക്ഷിക്കുന്നതായിരിക്കും ഈ ബിൽ. ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ തീരുമാനം കൈകൊള്ളുന്നതിന് യുഎസിന് കൂടുതൽ അധികാരം നൽകുന്നതാകും ബിൽ. അടുത്തയാഴ്ച വോട്ടിങ് നടക്കും എന്നാണ് ലിൻഡ്സി ഗ്രഹാം പറഞ്ഞത്.
റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യക്കെതിരെയടക്കം ട്രംപ് ഭീഷണി തുടരുകയാണ്. ഈ സമയത്താണ് പുതിയ ബില്ലിന് ട്രംപ് അനുമതി നൽകുന്നത്. ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് നിലവിലുള്ള താരിഫ് വീണ്ടും വർധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
