സുഡാൻ തെരുവുകളിൽ മൃതദേഹങ്ങൾ നിറയുന്നു; ആഭ്യന്തര കലാപത്തിൽ 270 പേർ കൊല്ലപ്പെട്ടു: ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യുന്നു

sadan

സുഡാനിൽ അധികാരത്തിന് വേണ്ടി സൈന്യവും അര്‍ധസൈന്യവും തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 ആയി. യുദ്ധഭൂമിയിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ഖർത്തൂമിലേക്ക് പലായനം ചെയ്യുന്നത്.

“ഈ യുദ്ധം അവസാനിച്ചില്ലെങ്കിൽ ഖർത്തൂമിലെ ജീവിതം അസാധ്യമാണ്,” നഗരത്തിന് പുറത്തേക്കുള്ള യാത്രാമധ്യേ അലവ്യ അൽ തയേബ് (33) പറഞ്ഞു. "തെരുവിൽ കൊല്ലപ്പെട്ട മൃതദേഹങ്ങൾ കുട്ടികൾ കാണാതിരിക്കാൻ ഞാൻ ശ്രമിച്ചു,അവർക്ക് യുദ്ധത്തിന്റെ ആഘാതമുണ്ട്, ചികിത്സ ആവശ്യമാണ്"-  അലവ്യ പറഞ്ഞു.

സൈന്യത്തെപ്പോലെ 1600 ജിഎംടി മുതൽ 24 മണിക്കൂർ നേരത്തേക്ക് പൂർണ്ണമായ വെടിനിർത്തലിന് തങ്ങളും പ്രതിജ്ഞാബദ്ധരാകുമെന്ന് റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് അർദ്ധസൈനികർ പറഞ്ഞു. എന്നാൽ ബുധനാഴ്ച രാത്രി വരെ കാർട്ടൂമിൽ വെടിവയ്പ്പ് തുടർന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നിർദിഷ്ട മാനുഷിക വെടിനിർത്തൽ തുടർച്ചയായി രണ്ടാം ദിവസമാണ് ലംഘിക്കുന്നത്. 

വടക്കൻ നഗരമായ മെറോവിൽ നിന്ന് ആർഎസ്എഫ് പിടികൂടിയ 177 ഈജിപ്ഷ്യൻ സൈനികരെ നാല് ഈജിപ്ഷ്യൻ സൈനിക വിമാനങ്ങളിലായി ഈജിപ്തിലേക്ക് കൊണ്ടുപോയതായി സുഡാനീസ് സൈന്യം അറിയിച്ചു.  

ആഫ്രിക്കൻ യൂണിയൻ, അറബ് ലീഗ്, ഇന്റർഗവൺമെന്റൽ അതോറിറ്റി ഓൺ ഡെവലപ്‌മെന്റ് എന്നിവയുടെ തലവന്മാരുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചതായി അദ്ദേ,ഹത്തിന്റെ വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനറല്‍ മുഹമ്മദ് ഹമദാന്‍ ഡഗാലോ നയിക്കുന്ന ആര്‍.എസ്.എഫ്(റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ്) എന്ന പാരാമിലിട്ടറി സംഘവും ലഫ്റ്റനന്റ് ജനറല്‍ അബ്ദുള്‍ ഫത്താ അബ്ദുള്‍റഹ്‌മാന്‍ അല്‍ ബുര്‍ഹാന്‍ നയിക്കുന്ന മിലിട്ടറി സംഘവും തമ്മിലാണ് പോരാട്ടം. 

2021-ൽ ജനാധിപത്യസർക്കാരിനെ അട്ടിമറിച്ചുകൊണ്ട് സുഡാനിൽ അധികാരത്തിലെത്തുമ്പോൾ സൈന്യത്തിന്റെ സഖ്യകക്ഷിയായിരുന്നു ആർ.എസ്.എഫ്. യുഎസ്, യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ, അറബ് രാജ്യങ്ങളെല്ലാം യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തതോടെ, യുഎൻ സുരക്ഷാ കൗൺസിൽ സുഡാനിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. അറബ് ലീഗ്, ആഫ്രിക്കൻ യൂണിയൻ, മേഖലയിലെ നേതാക്കൾ എന്നിവരുമായി കൂടിയാലോചന നടത്തുകയാണെന്നും സ്വാധീനമുള്ള ആരോടും സമാധാനത്തിനായി സമ്മർദ്ദം ചെലുത്താൻ പ്രേരിപ്പിക്കുകയാണെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

“ഇരു പക്ഷവും ഇപ്പോൾ വിജയിക്കുന്നതായി തോന്നുന്നില്ല, അക്രമത്തിന്റെ തീവ്രത കണക്കിലെടുക്കുമ്പോൾ, രണ്ട് ജനറൽമാർ ചർച്ചക്കെത്തുമ്പോഴേക്കും കാര്യങ്ങൾ കൂടുതൽ വഷളായേക്കാം.” പാരീസിലെ സോർബോൺ യൂണിവേഴ്‌സിറ്റിയിലെ സുഡാൻ സ്പെഷ്യലിസ്റ്റായ ക്ലെമന്റ് ദേശായസ് പറഞ്ഞു.

Share this story