ജപ്പാനിൽ ശക്തമായ ഭൂചലനത്തിൽ മരണം 13 ആയി; കാണാതായവർക്കായി തിരച്ചിൽ ഊർജിതം

ജപ്പാൻ

ടോക്കിയോ: തെക്കുപടിഞ്ഞാറൻ ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. കാണാതായ നിരവധി ആളുകൾക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ജപ്പാനിലെ തെക്കൻ ദ്വീപായ ക്യൂഷുവിലെ കുമാമോട്ടോ മേഖലയിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

​ഭൂചലനത്തെ തുടർന്ന് കെട്ടിടങ്ങളും വ്യാപാര സമുച്ചയങ്ങളും തകർന്നു വീണിട്ടുണ്ട്. കുമാമോട്ടോയിലെ കഷിമ ടൗണിലെ പ്രമുഖ ഷോപ്പിംഗ് മാളിന്റെ ഒരു ഭാഗവും ഫാക്ടറി കെട്ടിടങ്ങളും തകർന്ന് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

​സമയത്തോട് മല്ലടിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതെന്നും, കുടുങ്ങിക്കിടക്കുന്ന മുഴുവൻ ആളുകളെയും കണ്ടെത്താൻ ജപ്പാൻ പ്രതിരോധ സേനയുടെ (Self-Defense Forces) സഹായത്തോടെ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി സനേ തകൈച്ചി അറിയിച്ചു.

​പ്രദേശത്തുനിന്ന് 2,60,000-ത്തിലധികം ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റ നൂറിലധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സമീപത്തെ ആണവ നിലയങ്ങളിൽ തകരാറുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Tags

Share this story